സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ലഡാക്കിലെ സിയാച്ചിന്‍ സെക്ടറിലെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് അഗ്‌നിവീര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. മഹാര്‍ റെജിമെന്റില്‍ ഉള്‍പെട്ട ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളായ സൈനികരാണ് അപകടത്തില്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി' എന്നറിയപ്പെടുന്ന സിയാച്ചിനില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അഞ്ച് മണിക്കൂറോളം ഇവര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടന്നതായാണ് വിവരം. ഒരു ആര്‍മി ക്യാപ്റ്റനെ രക്ഷപ്പെടുത്തി. ഇന്ത്യാ പാക് നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത്, ഏകദേശം 20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിനില്‍ ഹിമപാതങ്ങള്‍ സാധാരണമാണ്. ഇവിടുത്തെ താപനില സ്ഥിരമായി 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്.
2021ലുണ്ടായ ഹിമപാതത്തില്‍ സിയാച്ചിനില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് അവിടെ കുടുങ്ങിയ സൈനികരെയും ചുമട്ടുതൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. 2019ല്‍ ഉണ്ടായ മറ്റൊരു വലിയ ഹിമപാതത്തില്‍ നാല് സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.18,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന എട്ട് പേരടങ്ങുന്ന സംഘത്തിന് മുകളിലേക്കാണ് അന്ന് ഹിമപാതം പതിച്ചത്. 2022ല്‍ അരുണാചല്‍ പ്രദേശിലെ കാമെംഗ് സെക്ടറിലാണ് ഹിമപാതത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഏഴ് സൈനികരാണ് അന്ന് മരിച്ചത്. ഹിമപാതത്തിന്റെ തീവ്രത കാരണം, സൈനികരെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
https://www.facebook.com/Malayalivartha