ചിറ്റപ്പനെ രക്ഷിക്കാന്‍ അടുത്ത രാജി... ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആന്‍ഡ് സെറാമിക് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു

ചിറ്റപ്പന്‍ വിവാദത്തില്‍ കേരളം കത്തുമ്പോള്‍ മന്ത്രി ഇപി ജയരാജന്റെ അടുത്ത ബന്ധു രാജിവച്ചു. ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആന്‍ഡ് സെറാമിക് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീര്‍ നമ്പ്യാര്‍ക്കു പിന്നാലെ ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി.
അതേസമയം ബന്ധുനിയമന വിവാദത്തില്‍ തിരുത്തല്‍ വേണമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചക്കു ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്.
പാര്‍ട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ജയരാജന്റെ മന്ത്രിസ്ഥാനവും തുലാസിലായി. തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ജയരാജനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും ഇനി എത്ര മേല്‍ കഴിയും എന്ന സംശയവും ഉയരുന്നുണ്ട്.
സാധാരണ വിവാദങ്ങളില്‍ കൂട്ടത്തോടെ സംരക്ഷണ കവചവുമായി നേതാക്കള്‍ രംഗത്തുവരാറുണ്ടെങ്കില്‍ ജയരാജന്റെ വിഷയത്തില്‍ പരസ്യമായ ന്യായീകരണവുമായി ആരും രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം മുതിര്‍ന്ന നേതാക്കള്‍ പലരും ജയരാജനെതിരെ നടപടി വേണം എന്ന നിലപാടിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് കോടിയേരി ബാലകൃഷ്ണനുമായി ഇ.പി ജയരാജന്‍ ചര്‍ച്ചനടത്തിയത്.
വിഷയം ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ചയാണ് യോഗം ചേരുക. കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍ തന്നെ വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗൗരവമായ ചര്‍ച്ചവേണമെന്നും ആവശ്യപ്പെട്ട് കോടിയേരിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദനിയമനങ്ങള്‍ ഒന്നാകെ റദ്ദാക്കാനുള്ള തീരുമാനത്തിലേക്കും ഒരുപക്ഷേ സെക്രട്ടേറിയറ്റ് എത്തിച്ചേര്‍ന്നുകൂടായ്കയില്ല. ജയരാജന് തെറ്റി എന്ന നിഗമനത്തിലെത്തുകയും മറ്റ് നിയമനങ്ങള്‍ സാധൂകരിക്കുകയും ചെയ്താല്‍ അത് വിമര്‍ശനവിധേയമാകാനുള്ള സാധ്യത കണക്കിലെടുത്താണ് എല്ലാ വിവാദ നിയമനങ്ങളും റദ്ദാക്കാന്‍ ആലോചിക്കുന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിന് മുമ്പ് വ്യാഴാഴ്ച തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ബന്ധുനിയമനത്തില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ നിയമോപദേശവും ലഭിക്കും. വിജിലന്‍സിന് ലഭിക്കുന്ന നിയമോപദേശം ഇ.പി. ജയരാജനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കും. 1988 ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുതാത്പര്യത്തിനെതിരായി അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും അഴിമതി തന്നെയാണ്. ഇതനുസരിച്ച് പ്രതിപക്ഷ നേതാവിന്റെയും ബി.ജെ.പി നേതാക്കളുടേയും പരാതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സും നിര്‍ബന്ധിതമാകും.
https://www.facebook.com/Malayalivartha





















