നാലുവയസുകാരിയെ പിതൃസഹോദരി പുഴയിലെറിഞ്ഞുകൊന്നു

വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് നാലുവയസുകാരിയെ പിതൃസഹോദരി പുഴയിലെറിഞ്ഞുകൊന്നു. പുതുക്കാട് പാഴായിയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നന്ദനം വീട്ടില്‍ രജിത്ത് നീഷ്മ ദമ്പതികളുടെ ഏക മകള്‍ മേബയാണ് മരിച്ചത്.
സംഭവത്തില്‍ നീഷ്മയുടെ പിതാവിന്റെ സഹോദരി ശൈലജയെ(49) പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോടുള്ള വൈരാഗ്യമാണ് തന്നെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ശൈലജ പോലീസിന് മൊഴി നല്‍കി.
വ്യാഴാഴ്ച വൈകീട്ടാണ് നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയില്‍ മേബയെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറയുകയും മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്.
കുഞ്ഞിനെ മിഠായി കാണിച്ച് പ്രലോഭിപ്പിക്കുകയും തുടര്‍ന്ന് എടുത്തു കൊണ്ടുപോയി വായും മൂക്കും പൊത്തിപ്പിടിച്ച് പുഴയിലേക്ക് എറിയുകയായിരുന്നുവെന്നും ശൈലജ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച വൈകുന്നേരം വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുഞ്ഞിനെ കണ്ടത്.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രജിത്ത് വിദേശത്തായതിനാല്‍ നീഷ്മയും മേബയും പാഴായിയിലാണ് താമസിക്കുന്നത്. പുതുക്കാട് മേരിമാത സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് മേബ.
https://www.facebook.com/Malayalivartha

























