കിട്ടിയത് എട്ടിന്റെ പണി, കോഴിക്കോട് നിന്ന് പിടിച്ച നായ്ക്കളെ എവിടെ കൊണ്ട്‌പോയി തളളുമെന്നറിയാതെ കുഴങ്ങി ബോബി ചെമ്മണ്ണൂര്‍

നാട്ടുകാര്‍ക്ക് ഉപകാരപ്പെടുമെന്ന് കരുതി കോഴിക്കോട് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടാനിറങ്ങിയ ബോബി ചെമ്മണ്ണൂരിന് കിട്ടിയത് എട്ടിന്റെ പണി. പിടിച്ച നായ്ക്കളെ എവിടെ കൊണ്ടുപോയി തള്ളുമെന്നറിയാതെ വിഷമിക്കുകയാണ് ഈ മുതലാളി. കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് നഗരത്തിലെ തെരുവ് നായ്ക്കളെ ബോബി ഫാന്‍സിന്റെ നേതൃത്വത്തില്‍ പിടിക്കുകയായിരുന്നു. പിടികൂടിയ നായ്ക്കളെ കല്‍പ്പറ്റയിലുള്ള തന്റെ പത്തേക്കര്‍ പറമ്പില്‍ താമസിപ്പിക്കാനായിരുന്നു ബോബിയുടെ പ്ലാന്‍. പട്ടിയുമായി കല്‍പറ്റയിലെത്തിയ ബോബിയെ നാട്ടുകാര്‍ തടയുകയായിരുന്നു.
കഴിഞ്ഞ ദിവസം പിടികൂടിയ നായ്ക്കളെയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി. കഴിഞ്ഞ രണ്ടുദിവസമായി തെരുവുനായ്ക്കളുമായി ബോബി ചെമ്മണൂരും കൂട്ടരും കോഴിക്കോട് നഗരം ചുറ്റുകയാണ്. രണ്ടുദിവസമായി നായ്ക്കളും വാഹനങ്ങളിലെ കൂട്ടില്‍ത്തന്നെയാണ്.ഭക്ഷണം കിട്ടാതെ ഇവയില്‍ ഏതെങ്കിലും ചത്തുപോയാല്‍ ബോബിക്കെതിരെ കേസെടുക്കുമെന്ന് പോലീസും അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങില്‍നിന്ന് പിടികൂടിയ നായ്ക്കളടങ്ങിയ വാഹനം കല്‍പറ്റയിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ഇതോടെയാണ് നായ്ക്കളടങ്ങിയ വാഹനവുമായി ശനിയാഴ്ച രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ ബോബി ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ സ്വന്തം ഭൂമിയില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് തടയുകയാണെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം.
ബോബി ചെമ്മണൂര്‍ കലക്ടറേറ്റില്‍ എ.ഡി.എം ടി. ജനില്‍ കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും കോര്‍പറേഷന്‍ അധികൃതരെ ബന്ധപ്പെടാനായിരുന്നു നിര്‍ദ്ദേശം. പട്ടികളെ കലക്ട്രറ്റ് പരിസരത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ ബന്ധപ്പെട്ടതോടെ പട്ടികളുമായി മാനാഞ്ചിറ പബ്ളിക് ലൈബ്രറിക്ക് മുന്നിലെത്തി. ഈ സമയം നായ്ക്കള്‍ വിശന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. മാത്രമല്ല വാഹനത്തില്‍ നിന്ന് പുറത്ത് ചാടാനുള്ള വെമ്പലിലായിരുന്നു നായ്ക്കള്‍.
നിലവില്‍ താല്‍ക്കാലികമായി കെ.ടി.സിയുടെ ഉടമസ്ഥതയിലുള്ള വളപ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതിനിടെ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടിയ തെരുവുനായ്ക്കളെ എടഗുനിയിലെ എസ്റ്റേറ്റില്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂരിനെതിരെ കല്‍പറ്റ പൊലീസ് േകസെടുത്തു. ഐപിസി 336 വകുപ്പ് പ്രകാരമാണ് (മനുഷ്യജീവന് അപകടം വരുത്തല്‍) കേസ്. കൂടാതെ, സിആര്‍പിസി 133 വകുപ്പ് പ്രകാരം കലക്ടര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബോബിയുടെ ഉടമസ്ഥതയിലുള്ള എടഗുനിയിലെ എസ്റ്റേറ്റില്‍ നായ്ക്കളെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് എടഗുനി റസിഡന്റ്സ് അസോസിയേഷന്‍, ടിആര്‍വി ഗ്രന്ഥാലയം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഴിഞ്ഞദിവസം കല്‍പറ്റയിലെ ചെമ്മണൂര്‍ ജൂവലറി ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha

























