ഫൈസല്‍ വധക്കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ അന്വേഷണസംഘത്തെ മാറ്റി. ഇനി ക്രൈംബ്രാഞ്ചിനാണ് ചുമതല. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ നടത്തിയ ഹര്‍ത്താലിനും എട്ട് മണിക്കൂര്‍ നീണ്ട റോഡ് ഉപരോധത്തിനുമൊടുവിലാണ് ഈ നടപടി.
തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഇറക്കിയ ഉത്തരവനുസരിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. താനൂര്‍, മഞ്ചേരി സി.ഐമാരും സംഘത്തിലുണ്ടായിരിക്കും. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെയുള്ള അന്വേഷണം.
വ്യാഴാഴ്ച രാവിലെ പത്തിന് ചെമ്മാട് ടൗണില്‍ സംസ്ഥാനപാത ഉപരോധിച്ചായിരുന്നു പ്രക്ഷോഭത്തിന്റെ തുടക്കം. പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ ഫൈസലിന്റെ ഉമ്മയും പിതാവും കുട്ടികളും സഹോദരിമാരും പങ്കെടുത്തു.
ഉച്ച കഴിഞ്ഞിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രണ്ട് കിലോമീറ്റര്‍ നടന്ന് കക്കാട് ജങ്ഷനിലത്തെി ദേശീയപാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അന്വേഷണസംഘത്തെ മാറ്റിയുള്ള ഉത്തരവിറങ്ങിയശേഷം വൈകീട്ട് ആറോടെയാണ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha