ജിഷ്ണുവിന്റെ മരണം കൊലപാതകമോ? വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി, രക്തക്കറയുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയക്കും

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പുറത്തായി. ജിഷ്ണുവിനെ മര്‍ദ്ദിച്ചതായി പറയുന്ന ഇടിമുറിയിലും മൃതദ്ദേഹം കാണപ്പെട്ട സ്ഥലത്തും ഫോറന്‍സിക് വിഭാഗം ഇന്ന് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തി. അന്വേഷണത്തില്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. ജിഷ്ണു മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ ലഭിച്ച രക്തക്കറയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാത്രം ലഭിച്ചാല്‍ മതി.
കേസിലെ നിര്‍ണ്ണായക തെളിവാണ് ഇപ്പോള്‍ ലഭിച്ചതെന്ന് പൊലീസ് സംഘം വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന രക്തക്കറ ജിഷ്ണുവിന്റേതാണോ എന്ന് വ്യക്തമല്ല. രക്തക്കറയുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. ഇതിനായി സാമ്ബിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ മര്‍ദ്ദിക്കാന്‍ കൊണ്ട് പോയത് ഇടിമുറിയിലേക്കാണെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു.
എ എസ് പി കിരണ്‍ നാരായണന്റെ നേത്യത്വത്തിലാണ് ഇന്ന് കോളേജില്‍ പരിശോധന നടന്നത്. വെള്ളിയാഴ്ച കോളേജ് തുറക്കുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
കോളേജിലെ സുപ്രധാനമായ സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ജിഷ്ണുവിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നറിയാന്‍ സി സി ടി വി ദൃശ്യങ്ങള്‍ സഹായകരമാവുമെന്നിരിക്കെയാണ് ദൃശ്യങ്ങള്‍ കാണാതിരിക്കുന്നത്. ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കും.
ഇതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണകുമാറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂട്ടു പ്രതികളായ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ ഒളിവിലുമാണ്. ഫോറന്‍സിക് ഫലത്തില്‍ രക്തക്കറ ജിഷ്ണുവിന്റേതാണെന്ന് തിരിച്ചറിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയ പ്രേരണാകുറ്റത്തിനു പകരം കൊലപാതകത്തിന് കേസെടുക്കേണ്ടിവരും.
https://www.facebook.com/Malayalivartha






















