സിനിമാ മേഖലയിലെ ഗുണ്ടാസാന്നിധ്യം; വെളിപ്പെടുത്തലുകളുമായി ഗണേഷ് കുമാര്‍

സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ചലച്ചിത്ര താരം കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ട്. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ടെന്നും ഗണേഷ്‌കുമാര്‍ എംഎല്‍എ വെളിപ്പെടുത്തി. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ സംഭവം ദേശീയശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍.
ആക്രമിക്കപ്പെട്ട യുവനടിയെ നേരിട്ട് കണ്ടിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എല്ലാവരും മനസിലാക്കുന്നതിലും കഷ്ടമാണ് നടിയുടെ കാര്യം. അത്രയ്ക്ക് മോശമായ അനുഭവമാണ് അവര്‍ക്കുണ്ടായത്. ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഇനിയുണ്ടാകാന്‍ പാടില്ല. പുറത്തുപറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പും സ്ത്രീകള്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ നേരിട്ടു ധരിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.
സിനിമാ മേഖലയ്ക്ക് ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചു. ഈ മേഖലയില്‍വന്ന മാറ്റങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ എനിക്കാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനേക്കാളും അനുഭവസമ്പത്ത് എനിക്ക് സിനിമയിലുണ്ട്. സിനിമയെടുക്കുന്ന കാര്യത്തില്‍ പണ്ടുണ്ടായിരുന്ന നല്ല അന്തരീക്ഷമൊക്കെ പോയി. ഒരുപാട് മോശം പ്രവണതകള്‍ സിനിമയിലേക്കു കടന്നുവന്നു. സാമൂഹിക വിരുദ്ധമായ ഒരുപാട് തലങ്ങള്‍ സിനിമയിലേക്കു കടന്നുവന്നു. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് മാഫിയയും ശക്തമാണ്. ഇക്കാര്യം മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്യുന്നതാണെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ ചില അനാശാസ്യ പ്രവണതകളെക്കുറിച്ചും മുന്‍ മന്ത്രി കൂടിയായ എംഎല്‍എ എടുത്തുപറഞ്ഞു. കൊച്ചിയില്‍ ഒരുപാട് നല്ല ആളുകളുമുണ്ടെന്നത് മറക്കുന്നില്ല. ഒരു അധോലോകത്തിന്റെ സ്വഭാവമാണ് കൊച്ചിയിലെ ചലച്ചിത്ര ലോകത്തിനുള്ളത്. മുന്‍പ് മുംബൈയില്‍ ഇത്തരം അധോലോകം ഉണ്ടായിരുന്നു. കൊച്ചിയില്‍നിന്നും ഇറങ്ങുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിനയിക്കുന്ന ചില സിനിമകള്‍പോലും ഇത്തരം നിലവാരം കുറഞ്ഞവരുടേതാണ്. ഇത് കാണുമ്പോള്‍ തന്നെ മനസിലാകും. താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ടു വിളിച്ചാല്‍ മതിയെന്നും ഗണേഷ്‌കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















