ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ.... നടിക്കു വേണ്ടി പ്രതികരിച്ചു, യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്, ഞങ്ങള്‍ക്കും ഭീതി കൂടാതെ നടക്കണം

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ വിഷയത്തില്‍ നടിയോട് ഇന്ന് ടെലിഫോണില്‍ സംസാരിച്ചെന്നും എന്ത് സഹായവും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ഉറപ്പു നല്‍കിയതായ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായും പരാതിയുമായി യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി സൂര്യഗായത്രി. യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര പൊലീസുമായി ബന്ധപ്പെട്ട് എന്തു കൊണ്ട് ഇടപെടുന്നില്ലെന്ന് പരാതിക്കാരി സൂര്യഗായത്രി. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിലൂടെയാണ് സൂര്യഗായത്രി പ്രതികരിച്ചത്.
'കൊച്ചിയില്‍ അക്രമത്തിനിരയായ പ്രസിദ്ധ സിനിമാ നടിയോട് ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചു. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഭീതികൂടാതെ നിവര്‍ന്നു നില്‍ക്കണമെന്ന് കരുത്ത് പകര്‍ന്നു. അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്കു വിധേയമാക്കാനുമുള്ള എന്ത് സഹായവും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. ആ പെണ്‍കുട്ടിക്ക് ധൈര്യപൂര്‍വ്വം മുന്നോട്ടുപോവാനുള്ള കരുത്തായി സിപിഐ എം ഉണ്ടാവും' എന്നായിരുന്നു കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിനു താഴെ കമന്റായാണ് യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സദാചാര പോലീസിങ്ങിനു വിധേയയുമായ സൂര്യഗായത്രി പ്രതികരിച്ചത്. ''അഴീക്കല്‍ സദാചാരത്തെ കുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാട് എടുത്തതില്‍ സന്തോഷമുണ്ടെന്നും പക്ഷേ, എന്തു കൊണ്ടാണ് സഖാവേ എ.കെ.ജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്നും സൂര്യഗായത്രി ചോദിക്കുന്നു. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ സഖാവേ എന്നും സൂര്യഗായത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















