സോഷ്യല്‍ മീഡിയ വന്നതോടെ അന്തിയുറങ്ങാനുള്ള ലോഡ്ജായി പല വീടുകളും മാറിയെന്ന് എ.കെ. ആന്റണി

സോഷ്യല്‍ മീഡിയ വന്നതോടെ കുടുംബങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പണ്ട് കാലങ്ങളില്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അന്തിയുറങ്ങാനുള്ള ലോഡ്ജായി പല വീടുകളും മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കുടുംബ ഭദ്രതയെന്നത് സങ്കല്‍പം മാത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടു പോയ കുടുംബ ഭദ്രതയിലേക്കു കേരളം തിരിച്ചു പോകണം. കുടുംബ ഭദ്രത വീണ്ടെടുക്കുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും തുല്യതയുള്ള കുടുംബ ഭദ്രതയാണ് കൈവരിക്കേണ്ടത്. പരസ്പര സ്‌നേഹവും ബഹുമാനവുമായിരിക്കണം കുടുംബ ഭദ്രതയുടെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളെ അവഹേളിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇത് എട്ടു മാസം കൊണ്ടുള്ള മാറ്റമല്ല, കുറച്ചു വര്‍ഷങ്ങളായുള്ള മാറ്റമാണ്. ഇതില്‍ രാഷ്ട്രീയം പറയുന്നില്ലെന്നും ആന്റണി പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നവര്‍ എത്ര ഉഗ്രപ്രതാപിയാണെങ്കിലും കല്‍ത്തുറങ്കിലടയ്ക്കണം. രാഷ്ട്രീയ നേതാവായാലും സമുദായ നേതാവായാലും നെറ്റിപ്പട്ടം അഴിപ്പിച്ച് കൊടുംക്രിമിനലായി മുദ്ര കുത്തി ജയിലിലടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























