കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികരെ സംരക്ഷിക്കില്ലെന്ന് രൂപത, ഫാദര്‍ തോമസ് ജോസഫ് തേരകത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കി

കൊട്ടിയൂരില്‍ 16 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ വൈദികരെ സംരക്ഷിക്കാന്‍ സഭ നേതൃത്വം ശ്രമിച്ചിട്ടില്ലെന്ന് ബിഷപ് മാര്‍ ജോസ് പോരുന്നേടം. വക്താവ് ഫാദര്‍ തോമസ് ജോസഫ് തേരകത്തെ തല്‍സ്ഥാനത്ത് നീക്കയതായും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ രൂപതയുടെ നിലപാട് വ്യക്തമാക്കാന്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സംഭവത്തില്‍ വീഴ്ച വരുത്തിയെന്നു പൊലീസ് കണ്ടെത്തിയ വയനാട് ശിശുക്ഷേമ സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ഫാ.തോമസ് തേരകം.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനധികൃതമായി സൂക്ഷിച്ചുവെന്നാണ് വയനാട് ശിശുക്ഷേമ സമിതിക്കെതിരായ ആരോപണം. ഇതേത്തുടര്‍ന്ന് കേസില്‍ പ്രതി ചേര്‍ത്തേക്കുമെന്ന സൂചന ലഭിച്ചതോടെ ഫാ. തോമസ് തേരകവും സിഡബ്ല്യുസി കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റിയും ഒളിവില്‍പ്പോയെന്നു റിപ്പോര്‍ട്ടുണ്ട്. ഇരുവരെയും ശിശുക്ഷേമ സമിതിയില്‍നിന്നു പുറത്താക്കുന്ന ഉത്തരവ് സര്‍ക്കാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും.
ഏതെങ്കിലും ഘട്ടത്തില്‍ കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുമായോ ആ വ്യക്തിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ രൂപതാ നേതൃത്വം ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ അപ്രകാരം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ബാലപീഡനക്കേസുകളില്‍ സഭ ഇരയുടെ കൂടെ നില്‍ക്കണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം തന്നെയാണ് മാനന്തവാടി രൂപതയുടേയും നിലപാടെന്ന് ബിഷപ് അറിയിച്ചു. ഫാ.റോബിന്‍ വടക്കുംചേരി ഉള്‍പ്പെട്ട കേസില്‍ രൂപത ഇരയുടെ കൂടെത്തന്നെ നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാലും, കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉയര്‍ന്നേക്കാമെന്നതിനാല്‍, കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യമല്ല ഇപ്പോള്‍ എന്നും രൂപത കരുതുന്നതായി ബിഷപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























