ആധാര്‍ എടുക്കണമെങ്കില്‍ പത്ത് വിരലുകളും വേണം, വികലാംഗ പെന്‍ഷന്‍ വാങ്ങണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബദ്ധം? കൈയില്ലാത്തവര്‍ എന്തു ചെയ്യണം?

ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ നിയമമനുസരിച്ച് പത്ത് വിരലുകളുടെയും അടയാളം വേണം. എന്നാല്‍ ഇവിടെ ഒരു വൃദ്ധ ആധാര്‍ കാര്‍ഡ് കിട്ടാന്‍ എന്താണ് വേണ്ടതെന്നറിയാതെ വിഷമിക്കുകയാണ്. പരാശ്രയമില്ലാതെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വൃദ്ധയുടെ ദുരിതത്തിന് പരിഹാരമാകണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാടയ്ക്കല്‍ അനി നിവാസില്‍ മീനാക്ഷിഅമ്മയാണ് (72) സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നത്.
കൈയില്ലാത്തതിനാല്‍ അനുവദിക്കപ്പെട്ട വികലാംഗ പെന്‍ഷന്‍ അതേ കാരണത്താല്‍ നിഷേധിക്കപ്പെടുന്നുവെന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ഒരു കൈ നഷ്ടപ്പെട്ട മീനാക്ഷിഅമ്മയ്ക്ക് മൂന്നര പതിറ്റാണ്ടോളമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിനുശേഷം പെന്‍ഷന്‍ ലഭിക്കാതായി.
പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ആധാറില്ലാത്തതിനാലാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. അക്ഷയ സെന്ററില്‍ പോയി ആധാറെടുക്കാന്‍ കഴിയാത്തതിനാല്‍ പ്രത്യേക അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാറെടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് വൈകല്യം തടസമായത്.
ആധാര്‍ എടുക്കണമെങ്കില്‍ പത്ത് വിരലുകളുടെയും അടയാളം വേണം. മീനാക്ഷിഅമ്മയുടെ അഞ്ച് വിരലുകളുടെ അടയാളം മാത്രമേ എടുക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ ആധാറും ലഭിച്ചില്ല. തുടര്‍ന്ന് പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഉത്തരവ് ഉണ്ടായാല്‍ മാത്രമെ മീനാക്ഷിയമ്മയെ പോലുള്ള ആയിരങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പെന്‍ഷന്‍ പുനഃസ്ഥാപിച്ച് കിട്ടുകയുള്ളു.
https://www.facebook.com/Malayalivartha


























