ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അകന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍

കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ പൊലീസ് പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മിഷേലിന്റെ അകന്ന ബന്ധു കൂടിയായ പിറവം സ്വദേശിയായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയാണ് അറസ്റ്റിലായിരിക്കുന്നത്. മിഷേലുമായി ഇയാള്‍ക്കു രണ്ടുവര്‍ഷമായി അടുപ്പമുണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, മിഷേലിന്റെ മരണത്തെക്കുറിച്ച് എഡിജിപി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി.
ക്രോണിനെ ചോദ്യം ചെയ്തതില്‍നിന്നാണ് മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. രണ്ടുവര്‍ഷമായി മിഷേലുമായി അടുപ്പമുണ്ടായിരുന്നെന്നു യുവാവ് മൊഴി നല്‍കിയിരുന്നു. ഈ അടുപ്പത്തില്‍നിന്നുണ്ടായ സമ്മര്‍ദ്ദമാകാം ആത്മഹത്യയ്ക്കു പിന്നിലെന്നാണു പൊലീസ് നിഗമനം. ആത്മഹത്യയ്ക്കു കാരണം അടുപ്പത്തിലെ അസ്വാരസ്യങ്ങളാണെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. താന്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നു മരണദിവസം മിഷേല്‍ പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്താണെന്നു തിങ്കളാഴ്ച അറിയാമെന്നും പറഞ്ഞിരുന്നതായി ക്രോണിന്‍ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേദിവസം (നാലാം തീയതി) ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് അയച്ചത് 57 എസ്എംഎസുകളാണ്. നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തീയതി 32 എസ്എംഎസ് അയച്ചു. ആറു തവണ വിളിച്ചെന്നും ക്രോണിന്‍ പറഞ്ഞു. ഇയാള്‍ ഒരിക്കല്‍ മിഷേലിനെ മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ കൂട്ടുകാരിയും മൊഴി നല്‍കിയിട്ടുണ്ട്. അടുപ്പത്തിന്റെ പേരില്‍ യുവാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണു ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























