പാമ്പാടി കോളേജ് പി.ആര്‍.ഒയുടെ മുറിയില്‍ കണ്ട രക്തഗ്രൂപ്പ് ജിഷ്ണുവിന്റേതിന് സമാനം; കേസ് നിര്‍ണായക വഴിത്തിരിവിലേയ്ക്ക്

പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കോളേജിലെ പി.ആര്‍.ഒ കെ.വി. സഞ്ജിത്തിന്റെ മുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ അതേരക്തഗ്രൂപ്പാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ജിഷ്ണുവിന് മുറിയില്‍വച്ച് മര്‍ദ്ദനമേറ്റെന്ന നിഗമനം ബലപ്പെടുകയാണ്.
മുറിയില്‍ കണ്ടെത്തി രക്തം ഒ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ടതാണ്. ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒ പോസിറ്റീവാണ്. രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡി.എന്‍.എ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം ഇന്നുതന്നെ കോഴിക്കോട് ജിഷ്ണുവിന്റെ വീട്ടിലെത്തും.
നേരത്തെ കോളേജ് ക്യാംപസില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്. സമാന രീതിയില്‍, ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും, ശുചിമുറിയിലും, പ.ആര്‍.ഒ.യുടെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, കെ.വി. സഞ്ജിത്ത്, അദ്ധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
https://www.facebook.com/Malayalivartha


























