ലാബില്‍ രക്ത പരിശോധനയ്‌ക്കെത്തിയ യുവാവ് ടെക്‌നിഷ്യനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

വിവാഹിതനായ യുവാവ് സ്വകാര്യ ലാബിലെ വനിതാ ടെക്‌നീഷ്യനെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇയാളെ തള്ളിയിട്ട യുവതി റോഡിലേയ്ക്ക് ഇറങ്ങിയോടിയതിനു പിന്നാലെ അക്രമി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മലയിന്‍കീഴ് ഊരുട്ടമ്പലം റോഡിലെ ഒരു സ്വകാര്യ ലാബോറട്ടറിയിലായിരുന്നു സംഭവം. രാവിലെ 7ന് ലാബ് തുറന്ന യുവതി കസേരകള്‍ നേരെയാക്കിയിടുന്നതിനിടയിലാണ് രക്തം പരിശോധിക്കണമെന്ന ആവശ്യവുമായി യുവാവ് എത്തിയത്.
മച്ചേല്‍ സ്വദേശി മണികണ്ഠന്‍(37) എന്നാണ് യുവാവ് പറഞ്ഞത്. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം പരിശോധനാ മുറിയിലിരിക്കാന്‍ ആവശ്യപ്പെട്ടു. രക്തം ശേഖരിക്കാനുള്ള സിറിഞ്ചുമായി എത്തിയപ്പോഴാണ് അക്രമി യുവതിയെ കടന്നു പിടിച്ചത്. കുതറി മാറുന്നതിനിടയില്‍ മേല്‍ വസ്ത്രം കീറിയെങ്കിലും റോഡിലേയ്ക്ക് ചാടിയിറങ്ങിയ യുവതി കുറേ ദൂരം ഓടി യുവതിക്ക് പിന്നാലെ റോഡിലെത്തിയ അക്രമി ലാബ് ടെക്‌നീഷ്യനെ അസഭ്യം പറഞ്ഞതായി കാഴ്ചക്കാര്‍ പറഞ്ഞു. എന്നാല്‍ കാര്യം മനസിലാകാത്തതിനാല്‍ ഇയാളെ പിടിച്ചു നിര്‍ത്താന്‍ ആരും തയ്യാറായില്ല.
അക്രമി ബൈക്കില്‍ കയറി ശാന്തുംമൂല ഭാഗത്തേക്കാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിക്കാണ് യുവതി മലയിന്‍ കീഴ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ശാന്തമ്മൂലയിലുള്ള പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പ്രതിയെ ഉടന്‍ ഹാജരാക്കാന്‍ പോലീസ് വീട്ടുകാര്‍ക്കു് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മലയിന്‍കീഴ് എസ്‌ഐ പറഞ്ഞു.
https://www.facebook.com/Malayalivartha


























