ജിഷ്ണു കേസ്; വൈസ് പ്രിന്‍സിപ്പല്‍ പോലീസിനെ വെട്ടിച്ചു കടന്നു

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ അന്വേഷിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ പോലീസിനെ വെട്ടിച്ചുകടന്നു. തമിഴ്‌നാട്ടിലെ ഒരു സ്ഥലത്ത് ഇയാളുണ്ടെന്ന് അറിഞ്ഞ് പോലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. സ്ഥലം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. എല്ലാ പ്രതികളുടെയും പിന്നാലെയുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍ പറഞ്ഞു. കേസന്വേഷിക്കുന്ന പോലീസ് സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി. കഴിഞ്ഞദിവസം ഉത്തരമേഖലാ എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് ഉടന്‍ പ്രതികളെ പിടികൂടാന്‍ നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കും. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് അഭിഭാഷകനായി പരിഗണിക്കുന്നത്. രണ്ടുദിവസത്തിനകം തീരുമാനമാകും. ഇതിനിടെ, ലക്കിടി നെഹ്രു കോളേജ് എല്‍എല്‍.ബി. വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി പഴയന്നൂര്‍ പോലീസില്‍ നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരേ നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.
ഗുരുതരമായ ആരോപണങ്ങളാണ് ഷഹീറിന്റെ മൊഴിയിലുള്ളതെങ്കിലും താരതമ്യേന ചെറിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ജിഷ്ണു മരിക്കുന്നതിന് മൂന്നുദിവസം മുമ്പാണ് ഷഹീറിന് ക്രൂരമര്‍ദനമേറ്റത്. ലക്കിടി കോളേജിലെ അനധികൃത പണപ്പിരിവിനെതിരേ മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഗ്രീവന്‍സ് സെല്ലിലേക്ക് പരാതി അയച്ചതാണ് ഷൗക്കത്തിനോട് വിരോധം തോന്നാന്‍ കാരണം. പാമ്പാടി കോളേജിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയശേഷം താന്‍ അഞ്ചിലധികം റാഗിങ് കേസുകളില്‍ പ്രതിയാണെന്ന് എഴുതിത്തരാന്‍ പറഞ്ഞതായി ഷഹീര്‍ ഷൗക്കത്തലി പഴയന്നൂര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. വിസമ്മതിച്ചപ്പോള്‍ കൃഷ്ണദാസ് ഇടിച്ചു. കാല്‍മുട്ടുകൊണ്ട് ജനനേന്ദ്രിയത്തിലിടിച്ചു. വീണുപോയപ്പോള്‍ ചവിട്ടി. പേടിച്ചുപോയ താന്‍ എല്ലാം എഴുതിക്കൊടുക്കുകയായിരുന്നുവെന്ന് ഷഹീര്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























