പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും

പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. മാര്‍ച്ച് 6ന് വിധി പറയാനിരുന്ന കേസ്, തെളിവുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് കോടതിയില്‍ ഹാജരായ പ്രതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഭാര്യയും മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും പരമാവധി ശിക്ഷ ഇളവ് ചെയ്തുതരണമെന്നും നരേന്ദ്രകുമാര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് ജഡ്ജി ശാന്തകുമാരി അറിയിക്കുകയായിരുന്നു.
പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്ന കുമാരി (62), മകന്‍ പ്രവീണ്‍ലാല്‍ (28) എന്നിവരെ 2015 മെയ് 16ന് രാത്രി 12ന് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്നു ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ (26). കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി ട്രെയിനില്‍ ഫിറോസാബാദിലേക്കു പോയി. ആറാം ദിവസം അവിടെനിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊലക്ക് ശേഷം ഇയാള്‍ മോഷ്ടിച്ച പ്രവീണ്‍ലാലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
https://www.facebook.com/Malayalivartha