മന്ത്രിമാരും അവരുടെ ഓഫീസിലുള്ളവരും ഫോണില്‍ സംസാരിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത വേണമെന്നു സിപിഎം. പാര്‍ട്ടി

സംസ്ഥാന കമ്മിറ്റി ഈ മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിറ്റേന്നു ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ കസേര പോയി. ശനിയും ഞായറുമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണു മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പ്.
സര്‍ക്കാരിന്റെ പത്തുമാസ ഭരണത്തിന്റെ വിലയിരുത്തലും ഭരണം മെച്ചപ്പെടുത്താനുളള നിര്‍ദേശങ്ങളുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനു വേണ്ടി കോടിയേരി സമര്‍പ്പിച്ചത്. ശനിയാഴ്ച വച്ച രേഖയിന്മേല്‍ ഞായറാഴ്ച ചര്‍ച്ച തുടരുമ്പോഴാണു ശശീന്ദ്രന്റെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നു രാജി എന്നതു കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ തന്നെ ചര്‍ച്ചയുമായി. 'ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന തലക്കെട്ടിനു താഴെ മന്ത്രിമാര്‍ക്കും സ്റ്റാഫിനുമുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണു ഫോണ്‍ ഇടപാടുകള്‍ സൂക്ഷിച്ചുവേണം എന്ന മുന്നറിയിപ്പ്.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍:
കാര്യസാധ്യത്തിനായി സെക്രട്ടേറിയറ്റിലെത്തുന്ന ഇടനിലക്കാരെ മാറ്റിനിര്‍ത്തണം. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങരുത്. മന്ത്രിമാര്‍ അവരുടെ ഓഫിസിലെ ഓരോ ജീവനക്കാര്‍ക്കും കൃത്യമായ ജോലി നല്‍കുകയും അതു നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അതതു വകുപ്പിലെ കാര്യങ്ങള്‍ മന്ത്രിമാരുടെ ഓഫിസിന്റെ പൂര്‍ണ നിയന്ത്രണത്തിലാകണം. ഒരു വകുപ്പില്‍ നിന്നു മറ്റൊന്നിലേക്കു ബന്ധപ്പെടുന്നതു വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മാത്രമാകണം. മറിച്ചുള്ള ആവശ്യങ്ങള്‍ക്കു മന്ത്രി തന്നെ ഇടപെടണം.
മാധ്യമങ്ങളോട് ഇടപെടുന്നതില്‍ ജാഗ്രത വേണമെന്നും മന്ത്രിമാരോടു പാര്‍ട്ടി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചു തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ യഥാസമയം നല്‍കണം. പ്രസ്താവനകളില്‍ വസ്തുതാപരമായ കാര്യങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ. എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഇടമായി മന്ത്രിമാരുടെ ഓഫിസിനെ മാറ്റണം. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയണം എന്നില്ല. അക്കാര്യം അവരെ ബോധ്യപ്പെടുത്തി മാത്രമേ മടക്കി അയയ്ക്കാവൂ. അവരുടെ അപേക്ഷകള്‍ എവിടേക്കാണു നല്‍കുന്നത് എന്നു കൃത്യമായി ബോധ്യപ്പെടുത്തണമെന്നും പാര്‍ട്ടി സര്‍ക്കാരിനോടു നിഷ്‌കര്‍ഷിച്ചു.
https://www.facebook.com/Malayalivartha

























