കൊട്ടിയൂര്‍ പീഡനക്കേസ്: വൈദികന്‍ പ്രതിയായ കേസിലെ രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അവശേഷിച്ചിരുന്ന രണ്ട് പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് പേരാവൂര്‍ സിഐ: എന്‍. സുനില്‍ കുമാറിന്റെ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങിയത്.
കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് ഇവരുടെ പേരില്‍ കേസ്. സഹപ്രവര്‍ത്തകര്‍ക്കും അഭിഭാഷകയായ വിമല ബിനുവിനുമൊപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. ഹൈക്കോടതിയില്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് കീഴടങ്ങല്‍. മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഹാജരാക്കുന്ന ഇവരെ ഇന്ന് തന്നെ ജാമ്യത്തില്‍ വിടും.
നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്നു രഹസ്യമായി അനാഥാലയത്തിലേക്കു കടത്താന്‍ വൈദികനെ സഹായിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. ഈ കേസിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. ജാമ്യം ലഭിച്ചു
കേസിലെ മറ്റു പ്രതികളായ തങ്കമ്മ നെല്ലിയേനി, സിസ്റ്റര്‍ ടെസ്സി ജോസ്, ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.
കേസിലെ മുഖ്യ പ്രതിയായ വൈദികന്‍ റോബിന്‍ നേരത്തേ തന്നെ കുറ്റം സമ്മതിച്ചിരുന്നു. പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്നു വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച വൈദികനെ തൃശൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















