മഹിജയുടേയും ശ്രീജിത്തിന്റേയും ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയുടേയും ശ്രീജിത്തിന്റേയും ചികിത്സിയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പാനലിലുള്ളത്.
ഈ പ്രത്യേക സംഘം ഇരുവരേയും പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പ്രത്യേക സംഘം വിലയിരുത്തി. മൂന്നുമാസമായി ഖര ആഹാരം കഴിക്കാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ മഹിജയ്ക്കുണ്ട്. അന്നുമുതലേ ദ്രാവക രൂപത്തിലുള്ള ആഹാരമായിരുന്നു മഹിജ കഴിച്ചിരുന്നത്. ഇപ്പോള്‍ ആശങ്കയ്ക്ക് വകയില്ലെങ്കിലും ആഹാരം കഴിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍ രോഗ പ്രതിരോധശേഷി കുറയാനും അണുബാധയുണ്ടാകാനും അതിലൂടെ അവരുടെ ആരോഗ്യനില മോശമാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സംഘം വിലയിരുത്തി. ഇക്കാരണത്താല്‍ മഹിജയെ കാണാന്‍ ആരേയും അനുവദിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ആഹാരം കഴിക്കാത്തതിനാല്‍ മോശം അവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. സന്ദര്‍ശക ബാഹുല്യവും അധികം സംസാരിക്കുന്നതും ശ്രീജിത്തിനെ കൂടുതല്‍ ക്ഷീണിതനാക്കുന്നുണ്ട്. ഇക്കാര്യം ബന്ധുക്കളും സന്ദര്‍ശകരും ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.
https://www.facebook.com/Malayalivartha



























