മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബേസ് മൂവ്‌മെന്റ് തലവന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം കലക്ടറേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍. അബൂബക്കര്‍, സഹായി എ. അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നാണ് കേരള പൊലീസ് ഇരുവരെയും പിടികൂടിയത്. കൊല്ലം, ചിറ്റൂര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതും ഇവരാണെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്‌മെന്റാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മധുര കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുലര്‍ച്ചയോടെ മലപ്പുറത്ത് എത്തിച്ചു. ഇവരെ ഇന്ന് മഞ്ചേരി ജില്ലാ കോടതിയില്‍ ഹാജരാക്കും.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് മധുര സ്വദേശികളായ ഇസ്മയില്‍പുരം കെ പുത്തൂര്‍ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് 27), വിശ്വനാഥ നഗര്‍ ഷംസൂണ്‍ കരീം രാജ (23), സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റ് നെല്‍പ്പട്ട ദാവൂദ് സുലൈമാന്‍ കോയ (23), തയിര്‍ മാര്‍ക്കറ്റ് ഷംസുദ്ദീന്‍ (26), ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവരെയാണ് പിടികൂടിയത്. ഇവരെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തലവന്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
2016 നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കലക്ടറേറ്റ് വളപ്പില്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടന്നത്. പ്രതികള്‍ക്കെതിരെ കൊല്ലം കലക്ടറേറ്റിലും ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളിലും സ്‌ഫോടനം നടത്തിയതിനു കേസുണ്ട്.
https://www.facebook.com/Malayalivartha


























