പീഡന കേസില്‍ ഒളിവിലായിരുന്ന പ്രതി അമിതമായി പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അമിതമായി പാരസെറ്റാമോള്‍ ഗുളിക കഴിച്ചശേഷം ഇടുക്കി സിഐ ഓഫീസിലെത്തി കീഴടങ്ങി. മാങ്കുളം പുന്നേക്കാട്ട് ജിതിന്‍ ജോയി (19) ആണ് കേസന്വേഷിക്കുന്ന ഇടുക്കി സിഐ സിബിച്ചന്‍ ജോസഫിനുമുന്നില്‍ കീഴടങ്ങിയത്.പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് കൂട്ടികൊണ്ടുപോയി മാങ്കുളത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിന്‍ ജോയി. ഇന്നലെ രാവിലെ 10.30-ന് ഇടുക്കി സിഐയുടെ മുന്നില്‍ കീഴടങ്ങിയ യുവാവിന്റെ മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു.
തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ചെറുതോണിയിലുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് 15 പാരസെറ്റാമോള്‍ ഗുളിക വാങ്ങി കഴിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം പോലീസ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജിതിനും പെണ്‍കുട്ടിയും അടിമാലിയിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളായിരുന്നു.
15 ദിവസം മുമ്പാണ് പെണ്‍കുട്ടിയെ മാങ്കുളത്തുള്ള വീട്ടിലേക്ക് യുവാവ് കൂട്ടികൊണ്ടുപോയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഇടുക്കി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഇവര്‍ മാങ്കുളത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ജിതിന്‍ പോലീസിനെ വെട്ടിച്ച് കടന്നു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റു മൂന്നു പ്രതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha

























