ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയ വീണ്ടും വന്നു; സഹോദരനെ അവസാനമായി യാത്രയാക്കാന്‍

എട്ട് വര്‍ഷമായി തുടരുന്ന വിചാരണത്തടവിനിടെ ആദ്യമായി ജാമ്യം ലഭിച്ച് പുറംലോകം കണ്ടത് സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍. 10 മാസത്തിന് ശേഷം വീണ്ടും പുറംലോകത്തെത്തുന്നത് അതേ സഹോദരെന്റ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയാണ് വേദനകളുടെ ജാമ്യംപേറി വീണ്ടും വീടണഞ്ഞത്.
ബുധനാഴ്ച രാവിലെ ദുബൈയില്‍ മരിച്ച സഹോദരന്‍ കോണിയത്ത് വാണിയംപറമ്പത്ത് മുഹമ്മദ് ശരീഫിെന്റ (31) വിവാഹത്തില്‍ പെങ്കടുക്കാനാണ് 10 മാസം മുമ്പ് സക്കരിയ വീട്ടിലെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായി പുറംലോകം കണ്ടതിന്റെയും മാതാവ് ബിയ്യുമ്മയെയും കുടുംബാംഗങ്ങളെയും കണ്‍നിറയെ കാണാനായതിന്റെയും ആഹ്ലാദത്തിലേക്കാണ് അന്ന് സക്കരിയ വന്നണഞ്ഞത്. നാടിന്റെ സ്‌നേഹമൊഴുകിയ സഹോദരന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് ശേഷം കോണിയത്ത് വീട്ടിലെക്കെത്തിയ പെരുന്നാളായിരുന്നു.
ദിവസങ്ങള്‍ മാത്രം നീണ്ട ഇടക്കാല ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞ് സക്കരിയ തടവറയിലേക്കും മാസങ്ങള്‍ക്ക് ശേഷം സഹോദരന്‍ ശരീഫ് പ്രവാസലോകത്തേക്കും മടങ്ങി. അനന്തമായി നീണ്ട കേസിന്റെ വിസ്താരം അടുത്തിടെയാണ് അവസാനിച്ചത്. സാക്ഷിമൊഴികള്‍ സക്കരിയക്ക് അനുകൂലമായതിനാല്‍ വിധി അനുകൂലമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസം ശരീഫ് ഉമ്മയോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.
കാലുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി ദുബൈയിലെ താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു ശരീഫ്. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറിലുള്ള സഹോദരന്‍ സിറാജും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് രാത്രി ജയിലില്‍ തിരിച്ചെത്തണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
https://www.facebook.com/Malayalivartha

























