കള്ളും കല്യാണവും ഒരേ പന്തലില്‍; കല്യാണ പന്തലില്‍ മദ്യം വിറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍

കോടതി തോല്‍പ്പിച്ചാല്‍ കല്യാണപന്തലില്‍ നേരിട്ടെത്തി ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വില്‍ക്കും. കഴിഞ്ഞ ദിവസം പാലോട്ടെ കല്യാണമണ്ഡപത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയത് ഇത്തരത്തിലൊരു 'ധീര'മായ നീക്കമായിരുന്നു. കല്യാണത്തിനു എത്തിയവരില്‍ രണ്ടെണ്ണം അടിക്കുന്നവര്‍ ക്യൂവില്‍ നിന്നു സമാധാനപരമായി മദ്യവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങി. അങ്ങിനെ കല്യാണവും കള്ളുകുടിയും ഒരേ പന്തലില്‍ സമാധാനപരമായി നടത്തി ബീവറേജസ് കോര്‍പ്പറേഷന്‍ റെക്കോർഡിട്ടു.
പാലോട് പാണ്ടിയാന്‍പാറ വിശാഖ് ഓഡിറ്റോറിയത്തിലായിരുന്നു ഇന്നലെ കല്യാണവും കള്ളുകുടിയും ഒന്നിച്ചു നടന്നത്. പാലോട് പെരിങ്ങമല റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ ചില്ലറ വില്‍പന ശാല കഴിഞ്ഞ ദിവസമാണ് ഈ ഓഡിറ്റോറിയത്തിനുള്ളിലേയ്ക്കു മാറ്റിയത്. ഓഡിറ്റോറിയത്തിനുള്ളിലെ ഒരു ഭാഗം മദ്യവില്‍പന ശാലയ്ക്കു നല്‍കാന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ഈ ചില്ലറ വില്‍പനശാല സ്ഥാപിക്കാനെത്തിയ സ്ഥലത്തെല്ലാം തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെയാണ് ഓഡിറ്റോറിയം ഉടമ തന്നെ ബിവറേജസ് കോര്‍പ്പറേഷന്റെ ഷോറൂമിനു കെട്ടിടം വാടകയ്ക്കു നല്‍കിയത്.
മദ്യശാലയ്ക്കു ഓഡിറ്റോറിയം വിട്ടു നല്‍കുന്നതിനു ഇവിടെ ഒരു കല്യാണം ബുക്ക് ചെയ്തിരുന്നു. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം മദ്യശാലയ്ക്കു വിട്ടു നല്‍കിയതോടെ ബുക്ക് ചെയ്ത പണം തിരികെ വേണമെന്നായി കല്യാണം ഉറപ്പിച്ച ബന്ധുക്കള്‍. തര്‍ക്കം രൂക്ഷമായതോടെ ഓഡിറ്റോറിയത്തെ രണ്ടായി തിരിച്ച് മതില്‍ കെട്ടി. ബിവറേജസ് ഷോപ്പിലേയ്ക്കു ഒരു വഴിയും ഓഡിറ്റോറിയത്തിലേയ്ക്കു മറ്റൊരു വഴിയും. എല്ലാം പറഞ്ഞു പരിഹരിച്ച ശേഷം കല്യാണവും മദ്യവില്‍പനയും ഒന്നിച്ചു നടത്തുകയായിരുന്നു. കല്യാണം പ്രമാണിച്ചു രാവിലെ 10 മുതല്‍ പന്ത്രണ്ടു വരെ മദ്യവില്‍പനശാല പ്രവര്‍ത്തിക്കില്ലെന്നു പറഞ്ഞതോടെ അതിരാവിലെ മുതല്‍ തന്നെ ബിവറേജസ് ഷോപ്പിനു മുന്നില്‍ ക്യൂവായിരുന്നു.
https://www.facebook.com/Malayalivartha


























