സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കും; ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരം നിയമനം

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഡോ.ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കും. നിലവിലുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരം നിയമനം നല്‍കും. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത് മുതല്‍ ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ അധികച്ചുമതല. നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
പൊലീസ് മേധാവിയായി അധികാരമേല്‍ക്കുന്ന സെന്‍കുമാര്‍ അവിടെ തുടരുമോ അവധിയില്‍ പോകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സെന്‍കുമാര്‍ പൊലീസ് സേനയുടെ തലപ്പത്ത് തിരികെയെത്തിയേക്കുമെന്ന സംശയം സര്‍ക്കാരിനുണ്ടായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സംശയം ബലപ്പെട്ടത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയോഗിച്ചതും ഈ സാഹചര്യത്തിലാണ്.
അനൂകൂലവിധിയുണ്ടായാല്‍ പൊലീസ് മേധാവിസ്ഥാനത്തെത്തി ചുമതലയേറ്റശേഷം സ്വയം വിരമിക്കാനായിരുന്നു സെന്‍കുമാറിന്റെ ആദ്യതീരുമാനം. അവധിയില്‍ പോയ ശേഷം ജൂണ്‍ 30 ഓടെ സ്വാഭാവികവിരമിക്കലിലേക്ക് കടക്കാനും ആലോചനയുണ്ടായിരുന്നു. സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമായ ശേഷം തന്റെ നിലപാട് അറിയിക്കാമെന്നാണ് അദ്ദേഹം അടുത്തവൃത്തങ്ങളോട് പറഞ്ഞത്.
അതേസമയം, പൊലീസ് മേധാവിയായി തുടര്‍ന്നാല്‍ സെന്‍കുമാറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും. സര്‍ക്കാറിനെ വെല്ലുവിളിച്ച് നിയമ നടപടികളിലേക്ക് കടന്ന ഉദ്യോഗസ്ഥനെതന്നെ സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ചുമതലപ്പെടുത്തുന്നത് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കും ബുദ്ധിമുട്ടാകും. ഇതു മുന്നില്‍കണ്ടാണ് പൊലീസ് ഉപദേശകനായി മുന്‍പൊലീസ് മേധാവി രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാറിന് പൊലീസ് മേധാവിയെ അറിയിക്കേണ്ട കാര്യങ്ങള്‍ ഉപദേശകന്‍ വഴിയാകും അറിയിക്കുക. ഈ അവസ്ഥ രണ്ടുമാസം തുടരുമ്പോഴേക്കും സെന്‍കുമാര്‍ വിരമിക്കും. ഇതോടെ പുതിയ പൊലീസ് മേധാവിയെ കൊണ്ടുവന്ന് പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.
സെന്‍കുമാറിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആരാകും എന്നതുള്‍പ്പെടെ കാര്യങ്ങള്‍ പിന്നീടാകും തീരുമാനിക്കുക. അവധിയിലുള്ള ജേക്കബ് തോമസ് മടങ്ങിയെത്തുന്നതോടെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ഏതായാലും സുപ്രീംകോടതിവിധി ഐ.പി.എസുകാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഭരണനേതൃത്വത്തിന് വഴങ്ങാത്തതിന്റെ പേരിലെ സ്ഥലംമാറ്റ ഭീഷണി ഇതോടെ ഒഴിവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.
അതേസമയം ജേക്കബ് തോമസിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. വന്നാല്‍ തന്നെ നിയമനം വിജിലന്‍സിലായിരിക്കില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























