മാധ്യമപ്രവര്‍ത്തകര്‍ വിരോധം തീര്‍ക്കുന്നു; എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നു; പൊമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതം

പൊമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്മയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ ന്യായീകരിച്ച് നിയമ സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം മണി ഇടുക്കിയെ കുറിച്ച് നന്നായി അറിയാവുന്ന ആളാണ്. മണിയുടേത് നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നു. മാധ്യമങ്ങളും അത് വളച്ചൊടിച്ചു. പൊമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. പ്രസംഗം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മണി അതിന് മാപ്പുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ ഭൂ പ്രശ്‌നത്തിലും എം.എം മണിയുടെ പരാമര്‍ശത്തിലും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് മണി സംസാരിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ ജിഷ്ണുവിന്റെ അമ്മ മഹിജയെ മണി അപമാനിച്ചു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിച്ച ആദ്യ ദൗത്യസംഘത്തിലെ സുരേഷ്‌കുമാറിനെ എം.എം മണി അപമാനിച്ചു. അദ്ദേഹം കള്ളുകുടിയാനാണെന്ന് ആരോപിച്ചു. ഇങ്ങനെ ഉദ്യോഗസ്ഥരെ അപമാനിക്കുന്ന രീതിയാണ് മണിയുടേതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇടുക്കിയിലെ ഭൂപ്രശ്‌നം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. കയ്യേറ്റങ്ങള്‍ നിര്‍ത്തിവയ്ക്കുന്ന നിലപാട് സര്‍ക്കാരിനല്ല. കഴിഞ്ഞ ദിവസം പാപ്പത്തിച്ചോലയില്‍ കുരിശ് ഒഴിപ്പിച്ച രീതി ശരിയായി. അര്‍ദ്ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഉചിതമായില്ല. പോലീസിനെ വിളിച്ചില്ല. പോലീസ് അറിയാതെയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ പോയത്. കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും അര്‍ഹരായവര്‍ക്ക് അവിടെ പട്ടയം നല്‍കും. കുടിയേറ്റത്തെയും കയ്യേറ്റത്തെയും രണ്ടായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മണിയുടെ വിവാദ പരാമര്‍ശം വന്നയുടന്‍ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്ന് നിയമസഭയില്‍ അദ്ദേഹം നിലപാട് മാറ്റി. മണിയുടെ രാജി ഒഴിവാക്കി അദ്ദേഹത്തെ സംരക്ഷിച്ച് മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും തീരുമാനം.
മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷം സ്പീക്കറുടെ ക്ഷണപ്രകാരം സംസാരിക്കാനെഴുന്നേറ്റ മന്ത്രി മണിയെ പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധത്തിനിടെയും മണി തന്റെ നിലപാട് വ്യക്തമാക്കി. തന്റെ പ്രസംഗം വളച്ചൊടിച്ചു. മാധ്യമങ്ങള്‍ പ്രസംഗം എഡിറ്റ് ചെയ്തു കാണിച്ചു. തൂക്കിക്കൊല്ലാന്‍ കൊണ്ടുപോകുന്നവര്‍ക്ക് പോലും ചില ആനുകൂല്യം നല്‍കും. അതുപോലും തന്നോട് കാണിക്കുന്നില്ല. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. അവരതു തീര്‍ക്കുകയാണ്. സ്ത്രീയെന്ന വാക്കോ പേരൊ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. 17 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പ്രസംഗം മുഴുവനായും സംപ്രഷണം ചെയ്യണം. തന്റെ പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കണമെന്നും മണി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ചില ഉദ്യോഗസ്ഥരെ ചില അവസരങ്ങളില്‍ വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ടെന്നും മണി പറഞ്ഞു. ദേവികുളം സബ് കലക്ടറെ വിമര്‍ശിച്ച നടപടിയെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ ഉദ്യോഗസ്ഥ ഭരണമാകും. മൂന്നാറില്‍ സമരം നടത്തിയത് പൊന്പിളൈ ഒരുമൈ അല്ല, ബിന്ദു കൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താന്‍. തനിക്ക് നാട്ടുകാരുടെ ഭാഷയെ അറിയൂ. മനസ്സില്‍ നിന്നുള്ള ഭാഷയാണത്. പണ്ഡിതന്മാരുടെ ഭാഷയില്‍ സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും മണി നിയമസഭയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























