ആ ചപ്പാത്തി, ചപ്പാത്തി, അല്ല പാപ്പാത്തി തന്നെ' ; പ്രതിപക്ഷ രോഷത്തിനിടെ സഭയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ നാക്കുപിഴ

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പാപ്പാത്തിച്ചോലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാക്കുപിഴ. നിയമസഭയില്‍ മൂന്നാര്‍ കയ്യേറ്റങ്ങളിലെ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കുന്നതിനിടെ പാപ്പാത്തിച്ചോലയെ മുഖ്യമന്ത്രി ചപ്പാത്തിച്ചോലയാക്കിയത് സഭയില്‍ ചിരി പടര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് തന്റെ തെറ്റ് മനസിലായത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതും മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രിയ്ക്ക് പിശക് പറ്റിയത്.
സര്‍ ചപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് (ചപ്പാത്തിത്തോലയല്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചുപറയുന്നു) ആ ചപ്പാത്തി, ചപ്പാത്തി, ആ പാപ്പാത്തി, പപ്പാത്തി തന്നെ.(മുഖ്യമന്ത്രി ചിരിക്കുന്നു) പാപ്പാത്തിചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍...
പിണറായി വിജയന്‍
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തന്നെയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അത് നടപ്പാക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളിലെ ചില അപാകതകളെയാണ് താന്‍ വിമര്‍ശിച്ചത്. അതുകൊണ്ടാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ ഒരു ഏകോപനം വേണമെന്ന തീരുമാനത്തില്‍ എത്തിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നടപടികള്‍ പ്രഖ്യാപിച്ചത് പൊലീസിനെ അറിയിക്കാതെ ആയിരുന്നു. ഇതിലെ പിഴവാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സാധാരണ നിലയില്‍ ഇത്തരം അധികാരങ്ങള്‍ പ്രയോഗിക്കാറുള്ളൂ. ഇടുക്കി ജില്ലയിലെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ പലതും പട്ടയമില്ലാത്ത ഭൂമിലിയാണ് സ്ഥിതി ചെയ്യുന്നതെന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ ആലോചനകളുടെ ഭാഗമായി തീരുമാനം എടുത്ത് പോകേണ്ടതാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിയുന്നതും സമവായത്തിലൂടെയും ജനങ്ങളുടെ പിന്തുണയോടെ ഈ പ്രശ്‌നം പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























