13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ക്ക് പുറമെ അക്കൗണ്ട് വിവരങ്ങളും വെബ്‌സൈറ്റുകള്‍വഴി പരസ്യമായി

സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്‌സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ പരസ്യമായതെന്നും പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേമ പദ്ധതികളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വെബ്‌സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ച സംഭവവിച്ചത്. കൂട്ടത്തില്‍ വനിതകള്‍ക്കായ് സര്‍ക്കാര്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള വെബ്‌സൈറ്റും ഇത്തവണ പരസ്യമായി. ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആര്‍ക്കും ലഭ്യമാകുന്ന രീതിയിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിലും പരസ്യമായത്.
വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത് ഇത് ആദ്യ സംഭവമല്ലാതിരുന്നിട്ടും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha


























