കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

സംസ്ഥാന പൊലീസ് മേധാവിയായി തന്നെ നിയമിക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ഇടപെടണമെന്നും കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ, കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കാനുള്ള നീക്കത്തില്‍നിന്ന് സെന്‍കുമാര്‍ പിന്മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയിരുന്നെങ്കിലും ഹര്‍ജി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം പിന്മാറുകയായിരുന്നു.
തന്നെ സര്‍വീസില്‍ നിന്ന് മാറ്റി നിറുത്തിയ കാലയളവിലെ സര്‍വീസ് നീട്ടിത്തരണമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. തന്നെ ഡി.ജി.പി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തയാളാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളി നെറ്റോയെന്നും തന്റെ പുനര്‍നിയമനം നടപ്പാക്കാതിരിക്കാന്‍ അവര്‍ എല്ലാ വഴിയും തേടുമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. സമാനമായ മറ്റൊരു കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരു കൊല്ലം തടവു ശിക്ഷ വിധിച്ചതു പോലെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യത്തിന് ശിക്ഷ നല്‍കണമെന്നും 2015ല്‍ രണ്ടു വര്‍ഷത്തേക്ക് ഡി.ജി.പിയായി നിയമിച്ച തന്നെ കാലാവധി തികയും മുമ്പ് നിയമവിരുദ്ധമായി മാറ്റിയതാണ്.
നഷ്ടമായ കാലാവധി തിരികെ കിട്ടാന്‍ സര്‍വീസ് നീട്ടിനല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 30ന് താന്‍ വിരമിക്കുന്നത് പരിഗണിച്ചാണ് ഏപ്രില്‍ 24ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ മനപ്പൂര്‍വം പുനര്‍നിയമനം താമസിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























