ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമാണ് അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ല; പക്ഷെ വിരമിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്ന് സെൻകുമാർ

സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഇപ്പോള്‍ താന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമാണ് അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി.
തനിക്ക് ഒരേക്കര്‍ സ്ഥലം പോലും സ്വന്തമായില്ല. ജോലി ചെയ്ത ശമ്പളം കൊണ്ടാണ് ജീവിക്കുന്നതെന്നും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സിപിഎം തനിക്കെതിരല്ല. വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറോ, ഏഴോ പേര്‍ മാത്രമാണ് ശത്രുത കാണിക്കുന്നത്. 30 വര്‍ഷമായി താന്‍ എസ് പി തസ്തിക മുതല്‍ സേവനം അനുഷ്ടിക്കുന്നു. ഇതില്‍ ഏഴു വര്‍ഷം മാത്രമാണ് ലോക്കല്‍ സര്‍വ്വീസിലുണ്ടായിരുന്നത്. ഈ 30 വര്‍ഷത്തില്‍ തന്നെ 15 വര്‍ഷം യുഡിഎഫും 15 വര്‍ഷം എല്‍ഡിഎഫുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരിയായി പ്രധാനമായും ചീഫ് സെക്രട്ടറി നളിനി നെറ്റോയെ കുറ്റപ്പെടുത്തിയ സെന്‍കുമാര്‍, അവര്‍ പുറ്റിങ്ങല്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും വ്യക്തമാക്കി.
എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായത് 2016 ഫിബ്രുവരി 15ന് ആണ്. അതിനു ശേഷമാണ് നളിനി നെറ്റോയുടെ സമീപനം മാറിയത് ശ്രദ്ധയില്‍പ്പെട്ടത്. പുറ്റിങ്ങല്‍ സംഭവത്തില്‍ എന്റെ നോട്ടും അന്നത്തെ മുഖ്യമന്ത്രി ഒപ്പിട്ടതുമാണ് കാണാതെ പോയത്. ഡിജിപി തസ്തികയിലിരിക്കുന്ന ഒരാള്‍ക്കെതിരെ സെക്രട്ടറിയേറ്റില്‍ ഇത്രയും വലിയ ചീറ്റിങ്ങ് നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സിഎടിയിലും ഹൈക്കോടതിയിലും ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തിപരമായ ഉത്തരവാദിത്ത്വത്തില്‍ നളിനി നെറ്റോയെ കക്ഷിയാക്കിയിരുന്നുവെങ്കില്‍ അവിടെ നിന്നു തന്നെ നീതി ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിലെ കൃത്രിമം ആ സമയത്ത് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാലാണ് അറിയാന്‍ വൈകിയത്.
ഇപ്പോള്‍ റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീം കോടതിക്ക് കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഓടിപോയി സംസ്ഥാന പൊലീസ് മേധാവിയായിരിക്കണമെന്ന് കരുതുന്നില്ല. എന്നാല്‍ സ്വാഭാവികമായും സ്വീകരിക്കേണ്ട നടപടികള്‍ എടുത്ത് കൊണ്ടിരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങളെയും സെന്‍കുമാര്‍ ശക്തമായി എതിര്‍ത്തു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെയും ബഹ്‌റയുടെയുമെല്ലാം നിയമനങ്ങള്‍ ഒരേ ഉത്തരവില്‍ ഇറങ്ങിയതിനാല്‍ മറ്റ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടത് ശരിയല്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ പദവി കേരള പൊലീസ് ആക്ടിന്റെ പരിധിയില്‍ വരുന്ന പോസ്റ്റല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിന്നുന്നതെല്ലാം പൊന്നല്ലെന്നും അത് ഉരച്ചു നോക്കിയാലേ മനസ്സിലാകുകയുള്ളൂവെന്നും ഋഷിരാജ് സിംങ്ങ്, സുരേഷ് കുമാര്‍, രാജു നാരായണസ്വാമി എന്നിവരുടെ മൂന്നാര്‍ ഓപ്പറേഷനെ പരാമര്‍ശിച്ച് സെന്‍കുമാര്‍ പരിഹസിച്ചു. കൊട്ടിഘോഷിക്കുന്ന ധീരകൃത്യങ്ങള്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കണം. ഇവരെല്ലാം എത്ര ഉത്തരവുകളിലാണ് ഒപ്പിട്ടതെന്ന് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സെന്‍കുമാര്‍ തുറന്നടിച്ചു.
സംസ്ഥാന സര്‍ക്കാറിനും സെന്‍കുമാറിനും നിര്‍ണ്ണായകമായ സുപ്രീം കോടതി തീരുമാനം ഇന്നു വരാനിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് സെന്‍കുമാറിന്റെ പ്രതികരണം പുറത്തുവന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കി കോര്‍ട്ടലക്ഷ്യത്തിന് സെന്‍കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയും വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. സുപ്രീം കോടതി വിശദീകരണം സര്‍ക്കാറിന് തിരിച്ചടിയായാല്‍ സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച് ഉടന്‍ ഉത്തരവ് ഇറക്കേണ്ടി വരും.
https://www.facebook.com/Malayalivartha























