മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍: സര്‍വ്വകക്ഷിയോഗം വിളിച്ചത് മുഖ്യമന്ത്രിക്ക് ക്രെഡിറ്റ് അടിക്കാനെന്ന് സിപിഐ

തര്‍ക്കം കുറയില്ല കൂടുന്നത് മാത്രം മിച്ചം.മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി സിപിഐ രംഗത്ത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചത് മുഖ്യമന്ത്രിക്ക് ക്രെഡിറ്റ് അടിക്കാനെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായി കൂട്ടുകൂടിയ സിപിഐഎം നടപടിയേയും സിപിഐ രൂക്ഷമായി വിമര്‍ശിച്ചു.
കൈയേറ്റം ഒഴിപ്പിക്കലില്‍ സിപിഐ കൈക്കൊണ്ടിരിക്കുന്ന നിലപാടിന് പൊതു സ്വീകാര്യതയുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണയുണ്ട്. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്. എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐ വീണ്ടും. കൈയേറ്റം ഒഴിപ്പിക്കലില്‍ പക്ഷപാതിത്വം പാടില്ലെന്ന് എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് യോഗം വ്യക്തമാക്കി. മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു. ഒറ്റപ്പെട്ട മാണി കൂടുതല്‍ ദുര്‍ബ്ബലനായെന്ന് യോഗം വിലയിരുത്തി.
മൂന്നാറിലെ കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കണമെന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പാപ്പാത്തി ചോലയിലെ കുരിശ് നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് സിപിഐയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. സര്‍വ്വകക്ഷി യോഗത്തിന് ശേഷം ഇനി ഒഴിപ്പിക്കല്‍ പുന:രാരംഭിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ കൈയേറ്റം ഒഴിപ്പല്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം നടന്നത്. വന്‍കിട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. മൂന്നാര്‍ സംരക്ഷിക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൈയേറ്റക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും സമയക്രമം നിശ്ചയിച്ച് ഉടന്‍ നടപടികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























