വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. മൂണ്ടക്കൈയിലെ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ അഞ്ചംഗ സംഘം എത്തിയതായി പൊലീസിന് വിവരം കിട്ടി. സ്ഥലത്ത് തെരച്ചില്‍ ശക്തമാക്കി. നിലമ്പൂര്‍ വനത്തോട് ചേര്‍ന്ന പ്രദേശമാണ് മുണ്ടക്കൈ. മേപ്പാടി മുണ്ടക്കൈയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഡംഡം എസ്‌റ്റേറ്റില്‍ അഞ്ചുപേരടങ്ങിയ സംഘം ഇന്നലെ ഉച്ചക്കുശേഷം എത്തിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
തോട്ടം ഉടമയും തൊഴിലാളികളുടെ നല്‍കിയ വിവരത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. ഇവരില്‍ നാലു പുരുഷന്‍മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്. കൈപ്പത്തി മുറിഞ്ഞുപോയ ഒരാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് പോലീസ് അന്വേഷിക്കുന്ന മാവോയിസ്റ്റുനേതാവ് സി പി മൊയ്തീനാണെന്നാണ് സംശയം. തോട്ടം തൊഴിലാളികളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങി ഇവര്‍ തിരിച്ച് നിലമ്പൂര്‍ കാടുകളിലേക്ക് പോയെന്നാണ് തൊഴിലാളികള്‍ നല്‍കിയ വിവരം. ഇതെ ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷിക്കാനാണ് പോലീസ് ഇപ്പോള്‍ തയാറെടുക്കുന്നത്. നിലമ്പൂര്‍ വെടിവെയ്പ്പിനുശേഷം ഇതു രണ്ടാം തവണയാണ് വയനാട്ടില്‍ മാവോയിസ്റ്റു സാന്നിധ്യമുണ്ടാകുന്നത്.
നേരത്തെ തിരുനെല്ലിയിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുസംഘമെത്തിയിരുന്നു. എന്നാല്‍ ഈ വിവരം പോലീസ് വൈകിയാണ് അറിയുന്നത്. അതിനാല്‍ അതെകുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിനും പരിശോധനക്കുമാണ് തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha

























