നഗരമധ്യത്തില്‍ മരുമകനെ ഭാര്യാപിതാവ് കുത്തിക്കൊന്നു

മരുമകനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഭാര്യാപിതാവ് കുത്തിക്കൊന്നു. പട്ടാപ്പകല്‍ തലശേരി നഗരമധ്യത്തില്‍ നടന്ന കൊലപാതകം നാടിനെ നടുക്കി. ചിറക്കര അര്‍ബന്‍ ബാങ്ക് പരിസരത്ത് ഇന്നലെ കാലത്ത് 9 മണിയോടെയാണ് സംഭവം. ചിറക്കര ചന്ദ്രിക വില്ലയില്‍ കെ.കെ സന്ദീപ്(27)ആണ് കഴുത്തിന് കുത്തേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഭാര്യാപിതാവ് ചുമട്ട് തൊഴിലാളിയായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി തിരുമംഗലത്ത് വീട്ടില്‍ കെ.പ്രേമരാജനെ(57) തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ട് നിന്നു വെള്ള ആക്ടീവ സ്‌കൂട്ടറില്‍ തലശ്ശേരിയിലെത്തിയാണ് പ്രതി മകളുടെ ഭര്‍ത്താവായ സന്ദീപിനെ റോഡില്‍വെച്ച് കൊലപ്പെടുത്തിയത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ സന്ദീപ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സന്ദീപിനെ ആസ്പത്രിയിലെത്തിച്ചത്. പ്രതി പ്രേമരാജനെ നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊലക്കുപയോഗിച്ച മൂര്‍ച്ചയേറിയ പുതിയ കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
മരുമകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് തലശ്ശേരിയിലെത്തിയതെന്ന് പ്രതി പൊലീസിന് മൊഴിനല്‍കി. പ്രതി പ്രേമരാജന്റെ ഭാര്യ സുജ ശനിയാഴ്ച സന്ദീപിന്റെ ചിറക്കരയിലെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് ഇവരും സന്ദീപും വാക്കുതര്‍ക്കം നടന്നതായും സുജ കോഴിക്കോട്ടെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രതി പ്രേമരാജന്‍ സന്ദീപിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് പ്രേമരാജന്റെ മകള്‍ നിനിഷയെ സന്ദീപ് വിവാഹം ചെയ്തത്.
ഇവരുടേത് പ്രേമവിവാഹമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടുകൂടിയാണ് വിവാഹം നടന്നത്. പിന്നീട് സ്വത്ത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉടലെടുത്തു. മകള്‍ നിനിഷയെ സ്വന്തം വീട്ടിലേക്ക് അയക്കാത്തതും പ്രകോപനത്തിന് കാരണമായി. വീട്ടിന് മുമ്പിലെ റോഡില്‍ വെച്ചാണ് പട്ടാപ്പകല്‍ കൊലനടന്നത്. റോഡിലും സമീപത്തെ കടവരാന്തയിലും രക്തം തളംകെട്ടിയിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് ശേഷം ഫോറന്‍സിക് വിദഗ്ധ സ്ഥലത്തെത്തി രക്തത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലനടന്ന സ്ഥലത്ത് പൊലീസ് വലയം തീര്‍ത്തു. രാജേന്ദ്രന്‍രഞ്ജിനി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട സന്ദീപ്. സഹോദരി: ഷംന. ഐ.ഡി.ബി.ഐ ബാങ്ക് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലി ചെയ്തുവരികയാണ്. ഇതിനു മുമ്പ് തലശ്ശേരി സംഗമം ജംഗ്ഷനിലെ ബാറ്റാ ഷോറൂമിലും ജോലിചെയ്തിട്ടുണ്ട്. മൂന്ന് വയസുകാരി വൈഗ ഏക മകളാണ്. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന്.
https://www.facebook.com/Malayalivartha

























