പ്രണയ നൈരാശ്യത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ; കമിതാക്കളുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചിയില്‍

കൈകള്‍ പരസ്പരം ബന്ധിച്ച നിലയില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കൊച്ചി കല്‍വത്തി പാലത്തിനു സമീപം കണ്ടെത്തി. പള്ളിമുക്ക് മില്‍ക്ക് ലെയ്നില്‍ വെള്ളേപ്പറമ്പില്‍ ജയദേവന്റെ മകന്‍ സന്ദീപ് (24), ഇരുമ്പനം കക്കാട്ട്പറമ്പില്‍ പുഷ്പന്റെ മകള്‍ ലയന (18) എന്നിവരുടെ മൃതദേഹങ്ങളാണു ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാളിനു സമീപമുള്ള ഫിഷ് ലാന്‍ഡിങ് സെന്ററില്‍ കണ്ടെത്തിയത്.
പ്രണയനൈരാശ്യത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹകള്‍ ഇല്ലെന്നും ആത്മഹത്യയാണെന്നാണുമാണ് പ്രാഥമിക നിഗമനം. ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. കഴിഞ്ഞ 12 മുതല്‍ ഇരുവരെയും കാണാതായതായി എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
ഇതിന്മേല്‍ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കു രണ്ടു ദിവസത്തെ പഴക്കം കണക്കാക്കുന്നു. രാവിലെ ഏഴരയോടെയാണ് ഫോര്‍ട്ട്കൊച്ചി കല്‍വത്തിക്കടുത്ത് കടലില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി തീരദേശ പൊലീസിനു വിവരം കിട്ടിയത്.
തുടര്‍ന്നു മൃതദേഹങ്ങള്‍ ആസ്പിന്‍വാളിനു സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്കു നീക്കി. യുവതിയുടെ ഇടതുകൈയും യുവാവിന്റെ വലതുകൈയും തമ്മില്‍ ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ലെഗിന്‍സും ടീ ഷര്‍ട്ടുമായിരുന്നു യുവതിയുടെ വേഷം. ബര്‍മുഡയും ഷര്‍ട്ടുമാണ് യുവാവ് ധരിച്ചിരുന്നത്.
ബര്‍മുഡയുടെ പോക്കറ്റില്‍നിന്നു ലഭിച്ച യുവാവിന്റെ ഫോണില്‍നിന്നാണു പൊലീസിന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്നു ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുമ്പും ഇരുവരെയും ഒരുമിച്ചു കാണാതായ സംഭവമുണ്ടായിട്ടുണ്ട്.
അന്നു പൊലീസ് ഇരുവരുടെയും ബന്ധുക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. ലയന പ്ലസ്ടുവിനു ശേഷം ബ്യൂട്ടിഷന്‍ കോഴ്സ് ചെയ്യുകയായിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം നടത്തിയിരുന്നെങ്കിലും സന്ദീപ് കോഴ്സ് പൂര്‍ത്തീകരിച്ചിരുന്നില്ല. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നു വന്നതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നതെന്നും എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യത്തിന്റെ പേരിലുള്ള ഈ ആത്മഹത്യ ശരിക്കും കൊച്ചിക്കാരെ ഞെട്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























