ചുവരലമാരയില്‍ വയോധികയുടെ മൃതദേഹം; കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു...

മാസങ്ങളായി അടഞ്ഞു കിടന്ന വീടിന്റെ ചുവരലമാരയില്‍ വയോധികയുടെ ജീര്‍ണിച്ച അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച നന്ദിഷ(21)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാന്തകുമാരി(69)യുടെ മൃതദേഹമാണ് ഈ മാസം ഏഴിനു കെംഗേരിയിലെ വീട്ടില്‍ കണ്ടെത്തിയത്.
ഭക്ഷണം വലിച്ചെറിഞ്ഞെന്നാരോപിച്ചു മകള്‍ ശശികല(42)യാണ് ഇവരെ കൊലപ്പെടുത്തിയതെന്നും മകന്‍ സഞ്ജയ്(21), സുഹൃത്ത് നന്ദിഷ എന്നിവരുടെ സഹായത്തോടെയാണു മൃതദേഹം ചുവരലമാരയില്‍ ഒളിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡപ്യൂട്ടി കമ്മിഷണര്‍ (വെസ്റ്റ്) എം.എന്‍.അനുചേത് പറഞ്ഞു.
ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹം ചാക്കിലാക്കി മണ്ണും കരിക്കട്ടയും നിറച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു സംഭവം. ഇതിനു ശേഷം ഏഴുമാസത്തോളം ഇവിടെ താമസിച്ച ശശികലയും മകനും ഫെബ്രുവരിയിലാണ് വീട് അടച്ചിട്ടു പോയത്. ഈ മാസമാദ്യം വീട് പരിശോധിക്കാനെത്തിയ വീട്ടുടമ നവീന്‍ ഇവിടെനിന്നു ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ശശികലയും സഞ്ജയും കുബ്ലഗോഡ് നിവാസി നന്ദിഷയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നു കണ്ടെത്തിയത്. 2014ല്‍ എന്‍ജിനീയറിങ്ങിനു പഠിക്കവെ നന്ദിഷയും സഞ്ജയും സഹപാഠികളായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തെക്കുറിച്ചുള്ള ചുരുള്‍ അഴിഞ്ഞത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ഇതു വലിച്ചെറിയുകയും ചെയ്തതില്‍ രോഷാകുലയായ ശശികല ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന റോളിങ് പിന്‍ ഉപയോഗിച്ചു ശാന്തകുമാരിയുടെ തലയ്ക്കടിക്കുകയും രക്തം വാര്‍ന്ന് ഇവര്‍ മരിക്കുകയും ചെയ്തു.
പരിഭ്രാന്തയായ ശശികല മകനെ വിവരമറിയിച്ചു. ഇരുവരും ശുചിമുറിയില്‍ രണ്ടുദിവസം മൃതദേഹം സൂക്ഷിച്ചശേഷമാണു തന്റെ സഹായം തേടിയതെന്നു നന്ദിഷയുടെ മൊഴിയില്‍ പറയുന്നു. കടയില്‍നിന്നു പ്ലാസ്റ്റിക് വീപ്പ വാങ്ങിയ ഇവര്‍ മൃതദേഹം വീപ്പയിലാക്കി മണ്ണും കരിക്കട്ടയും നിറച്ചശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെയാണു മൃതദേഹം ചുവരലമാരയില്‍ അടക്കം ചെയ്തത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഭിത്തി പെയിന്റടിക്കുകയും ചെയ്തു. ശാന്തകുമാരി എവിടെപ്പോയെന്ന് അന്വേഷിച്ചവരോടു ചികില്‍സയ്ക്കായി ശിവമൊഗ്ഗയില്‍ ആണെന്ന മറുപടിയും നല്‍കി. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാന്‍ പോവുകയാണെന്നു പറഞ്ഞാണ് ഇവര്‍ ഫെബ്രുവരിയില്‍ വീടു പൂട്ടി പോയത്. പോകുന്നതിനു മുന്‍പു വീട്ടുടമയോട് അന്‍പതിനായിരം രൂപയും വാങ്ങി. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു സഞ്ജയും പണം വാങ്ങിയിരുന്നു. ഒളിവിലുള്ള ഇവരേക്കുറിച്ചു സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























