പുതുതായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അനുവദിക്കില്ല

തോന്നിയപോലെ ഒന്നും പറ്റില്ല. സംസ്ഥാനത്തു പുതുതായി അണ്‍എയ്ഡഡ് (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ) സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കും. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണു തീരുമാനം.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പെരുകുന്നതു പൊതുവിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിക്കുന്നതായാണു സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു നിരവധി സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 396 സ്‌കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. പിന്നീട് ഓരോഘട്ടത്തിലും നൂറിലധികം സ്‌കൂളുകള്‍ അംഗീകാരം നേടി. 2012 ജൂലൈ 31നു മുമ്പ് അപേക്ഷിച്ചവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അംഗീകാരം നല്‍കിയതെങ്കിലും പിന്നീട് ഈ മാനദണ്ഡം മാറ്റി.
സ്‌കൂള്‍ മാപ്പിങ് ഉള്‍പ്പെടെ നടത്തിവേണം പുതിയ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനെന്നു കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നിഷ്‌കര്‍ഷിക്കുന്നു. കേന്ദ്രനിയമപ്രകാരം അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും മാനേജ്‌മെന്റിനെതിരേ നിയമനടപടി സ്വീകരിക്കുകയും വേണം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പിയും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ യു.പിയും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്‌കൂളും വേണമെന്നാണു നിയമം. എന്നാല്‍ കേരളത്തില്‍ നേരത്തേതന്നെ ഈ അനുപാതത്തില്‍ സ്‌കൂളുകളുള്ളതിനാല്‍ പുതിയവ ആവശ്യമില്ലായിരുന്നെന്നും അതവഗണിച്ചാണു മുന്‍സര്‍ക്കാര്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നുമാണ് ഈ സര്‍ക്കാരിന്റെ നിലപാട്.
നിലവില്‍ ആവശ്യത്തിലേറെ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. നഗരങ്ങളില്‍ ഇതുസംബന്ധിച്ച് ഒരുദൂരപരിധിയും പാലിക്കപ്പെടുന്നില്ല. പുതുതായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍നിന്നു വന്‍തോതില്‍ കുട്ടികള്‍ ചോരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസിലേക്കു പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതായും വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നു.
അമിത ഫീസ് ഉള്‍പ്പെടെ അണ്‍എയ്ഡ്ഡ് സ്‌കൂളുകളിലെ സാമ്പത്തികചൂഷണവും അധ്യാപകര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കാത്തതും സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി പുതുതായി ഒരു അണ്‍എയ്ഡഡ് സ്‌കൂളിനും അംഗീകാരം നല്‍കേണ്ടതില്ലെന്നാണു തീരുമാനം. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം നടപ്പാക്കി സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലെ ഭൗതികസാഹചര്യവും ഗുണനിലവാരവും വര്‍ധിപ്പിച്ചുവരുകയാണ്. ഓരോവര്‍ഷവും 10% കുട്ടികളുടെ വര്‍ധനയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അടുത്ത അധ്യയനവര്‍ഷം 33,000 കുട്ടികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനാണു നീക്കം. അഞ്ചുവര്‍ഷം കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുക. ലക്ഷ്യം നേടണമെങ്കില്‍, ഒരുകാരണവശാലും പുതിയ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുതെന്നു വിദ്യാഭ്യാസവകുപ്പ് ശിപാര്‍ശചെയ്തു. നിലവിലുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസാവകാശ നിയമപ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്. നടപടികളുടെ ഭാഗമായി ഓരോ ജില്ലയിലെയും അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളുടെ പട്ടിക തയാറാക്കാനാണു നിര്‍ദേശം
https://www.facebook.com/Malayalivartha

























