സൂക്ഷിക്കുക, വാണക്രൈ ആക്രമണം മൊബൈല്‍ ഫോണിലേക്കും!!

ലോക രാജ്യങ്ങളില്‍ ഭീതിയുണര്‍ത്തി പടരുന്ന കംപ്യൂട്ടര്‍ വൈറസ് വാണക്രൈ കേരളത്തിലും പിടിമുറുക്കുന്നതിനിടെ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന് കേരളപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മൊബൈല്‍ ഫോണിനെ ബാധിക്കുന്ന റാന്‍സംവെയര്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ നടക്കുന്ന വാണക്രൈ ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതായത് ഒരു ഡാറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി സൈബര്‍ ഡോം പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം, വയനാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളെ വാണക്രൈ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. അതേസമയം ആക്രമണം ലോകമൊട്ടാകെ കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ട്. ഇതുവരെ ഇരയായത് 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ്.
https://www.facebook.com/Malayalivartha

























