കൊലയാളികളെ തള്ളിപ്പറഞ്ഞ് കോടിയേരി... ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ല

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതു വെറും പറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കും. പാര്‍ട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടിയെടുക്കും. രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടിയെടുക്കണം. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയാറാകുമോയെന്നും കോടിയേരി ചോദിച്ചു. കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ, ഭരണപരമായ ഇടപെടലാണ്. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാനയോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നു പറയുന്നത് സിപിഎമ്മിനെ കുടുക്കുന്നതിനാണ്. സിപിഎമ്മിനെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണിത്. കേരളത്തില്‍ പണമൊഴുക്കി സംഘര്‍ഷമുണ്ടാക്കാനാണ് അവരുടെ ശ്രമം.
കേന്ദ്രഭരണമെന്ന ഓലപ്പാമ്പ് കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ട. ബിജെപി നേതാക്കന്മാരെ ബിജെപിക്കാര്‍ തന്നെ ആക്രമിക്കുന്ന അവസ്ഥയുണ്ട്. കേന്ദ്രഭരണം ഉപയോഗിച്ച് കേരളത്തിലെ ബിജെപി നേതാക്കന്മാര്‍ അഴിമതി നടത്തുകയാണ്. മെഡിക്കല്‍ അഫിലിയേഷനുവേണ്ടി ബിജെപി നേതാക്കന്മാര്‍ കോടികള്‍ കോഴ വാങ്ങി.
സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ ഇരുഭാഗത്തുനിന്നും ലംഘിക്കപ്പെട്ടു. സിപിഎം സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണം. കുമ്മനം ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് വ്യാജ വിഡിയോയാണ്. 27 സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ വധിച്ചിരിക്കുന്നത്. അന്ന് ആരും അഫ്‌സ്പ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അപ്‌സ്പ പ്രയോഗിച്ച സ്ഥലങ്ങളിലൊക്കെ സംഘര്‍ഷം രൂക്ഷമാകുകയാണ് ചെയ്തത്. കണ്ണൂരില്‍ അഫ്‌സ്പ അല്ല, ഭരണപരമായ ഇടപെടലാണ് ആവശ്യമെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























