കേഡലിന് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് വിചാരണ നേരിടാനുള്ള മാനസികനില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേഡലിന് മനോരോഗമാണെന്നും ഡോക്ടമാര്‍ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് കോടതി മാറ്റിവെച്ചു. കേഡലിനെ മനോരോഗ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് മനോരോഗ വിദഗ്ദന്‍ ഡോ. നെല്‍സണ്‍ അധ്യക്ഷനായ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് നല്കിയത്.
ഏപ്രില്‍ ഒന്‍പതിനാണ് തിരുവനന്തപുരം നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വെച്ച് കേഡല്‍ ജിന്‍സന്‍ രാജ തന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ഒരു ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ രണ്ട് ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പൊലീസ് പിടികൂടിയത്. ആഭിജാര ക്രിയയായ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.
ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് കാണാനാണ് ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. കൊലപ്പെടുക്കിയ ശേഷം വീടിന്റെ മുകളിലെ ബാത്ത് റൂമിലിട്ട് മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചു. അപ്രതീക്ഷിതമായി തീ പടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത്. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
വിശദമായ ചോദ്യം ചെയ്യലില്‍ കേഡല്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞു. ആസ്ട്രല്‍ പ്രൊജക്ഷനില്‍ നിന്ന് മാറി ചെറുപ്പകാലം മുതല്‍ വീട്ടില്‍ നിന്ന് അനുഭവിച്ചിരുന്ന അവഗണന കാരണമാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നതിന് മുമ്പ് വീട്ടുകാരം വിഷം കൊടുത്ത് കൊല്ലാനും പദ്ധതിയിട്ടിരുന്നു. ഇതിന് വിഷം വാങ്ങി സൂക്ഷിച്ചുവെച്ചിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഇയാള്‍ക്ക് മനോരോഗമുണ്ടെന്ന് അന്നുതന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മനോരോഗ വിദഗ്ദരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. ഇതിന് ശേഷമാണ് ഇയാള്‍ക്ക് കടുത്ത മാനസിക രോഗമാണെന്നും വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്നും ഇപ്പോള്‍ വിദഗ്ദര്‍ റിപ്പോര്‍ട്ട് നല്കിയത്.
https://www.facebook.com/Malayalivartha

























