ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമായ കുഞ്ഞിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ബന്ധു പിടിയില്‍
ഉറങ്ങികിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാരമായ പരുക്കേറ്റ രണ്ടുമാസം പ്രായമുള്ള കുട്ടിയെയും പിതൃമാതാവിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യാവര്‍ കെജെഎം റോഡില്‍ രാഗം കുന്നില്‍ അഷ്റഫ്-ജുനൈദ ദമ്പതികളുടെ മകന് അസാന് അഹമ്മദിനെയാണ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു കെജെഎം റോഡിലെ ബന്ധുവായ തൗഫീഖിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടു നാലോടെയായിരുന്നു സംഭവം.
കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയില്‍ അതിക്രമിച്ചുകയറിയ പ്രതി കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടു മുറിയിലെത്തിയ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കയില്‍ നിന്നു കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണു സുബൈദയ്ക്കു പൊള്ളലേറ്റത്. മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം ഇവരെ മംഗളൂരുവിലേക്ക് മാറ്റി.
അരക്കെട്ടിനു വലതുഭാഗവും വലതുകൈയുടെ പുറംഭാഗം മുഴുവനായും ഇടതുകൈയുടെ വിരലിനുമാണ് സുബൈദയ്ക്ക് പൊള്ളലേറ്റതെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് കുമ്പള സിഐ വി.വി.മനോജ് അറിയിച്ചു. പ്രതിയായ തൗഫീഖ് പൊലീസിന്റെ വലയിലായിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha