വിവാദങ്ങള്‍ക്ക് നടുവിലും പ്രതീക്ഷ ഉയര്‍ത്തുന്ന ചുവടുവെപ്പുകളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്

വിവാദങ്ങള്‍ക്ക് നടുവിലും പ്രതീക്ഷ ഉയര്‍ത്തുന്ന ചുവടുവെപ്പുകളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്. നിശാഗന്ധിയില്‍ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി നവകേരളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സ്ത്രീകളും കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും ചേര്‍ന്ന് 1000 മണ്‍ചെരാതുകള്‍ തെളിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെമ്പാടും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും സെമിനാറുകളും നടക്കും. ജൂണ്‍ അഞ്ചിന് കോഴിക്കോട്ടാണ് സമാപനം.
അതേസമയം, വാര്‍ഷികാഘോഷത്തിനിടെ വന്‍പ്രക്ഷോഭപരിപാടികള്‍ക്കാണ് പ്രതിപക്ഷ കക്ഷികള്‍ തയ്യാറെടുക്കുന്നത്. യു.ഡി.എഫ് എല്ലാ ജില്ലയിലും പ്രതിഷേധ പരിപാടികള്‍ നടത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉപരോധിക്കും. കാര്യമായ നേട്ടമൊന്നും ഒരു വര്‍ഷംകൊണ്ട് സൃഷ്ടിക്കാനായില്ലെന്ന ആരോപണമാണ് പ്രതിപക്ഷത്തിന്. ഒന്നും ശരിയാകാത്ത ഒരു വര്‍ഷമായി അവര്‍ ചിത്രീകരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാറിനെതിരെ 65 ഇന കുറ്റപത്രം ചുമത്തും.
2016 മേയ് 25നാണ് ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റത്. 'നമുക്കൊരുമിച്ച് മുന്നേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട് ' എന്ന വാഗ്ദാനമാണ് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം, ദേശീയജലപാത, ജലമെട്രോ, ആറുവരിപ്പാത എന്നിവയില്‍ സമയബന്ധിത വികസനമാണ് വാഗ്ദാനം. എല്ലാവര്‍ക്കും വീട് ലക്ഷ്യമിടുന്ന ലൈഫ്, ആശുപത്രികളുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിടുന്ന ആര്‍ദ്രം, 12ാം ക്ലാസ് വരെയുള്ള പഠനം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നീ സുപ്രധാന മിഷനുകള്‍ ഇക്കൊല്ലം പ്രയോഗതലത്തിലേക്ക് വരും.
ജലസ്രോതസ്സുകളുടെ സംരക്ഷണം, ഭക്ഷ്യ ഉല്‍പാദന വര്‍ധന, മാലിന്യ സംസ്‌കരണം എന്നീ മൂന്ന് ഉപവിഭാഗങ്ങള്‍ അടങ്ങുന്നതാണ് ഹരിത കേരള മിഷന്‍. ഇതു വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കലും സമ്പൂര്‍ണ വൈദ്യുതീകരണവും നേട്ടത്തിന്റെ പട്ടികയിലുണ്ട്. പുതിയ പദ്ധതികളും പ്രവര്‍ത്തന പരിപാടിയും ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha
























