എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്: കെഫോണ്‍ പദ്ധതിക്ക് 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യവുമായി 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെഫോണ്‍ പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുകയാണ്. ഇതോടൊപ്പം ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കും. ആദ്യ രണ്ടുവര്‍ഷം പദ്ധതി നടപ്പാക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം പൂര്‍ത്തിയാക്കും.
ഇഗവേണന്‍സ് സേവനങ്ങള്‍ ജനത്തിന് പ്രയോജനപ്പെടുത്താന്‍ മലയാളത്തില്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായി. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം നടപ്പാക്കിയിട്ടുണ്ട്. 150 എന്‍ജിനീയറിങ് കോളേജുകളെയും ഐ.ടി. പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അഞ്ചുവര്‍ഷംകൊണ്ട് ഐ.ടി. പാര്‍ക്കുകളുടെ ആകെ വലുപ്പം ഒരു കോടി ചതുരശ്ര അടി വര്‍ധിപ്പിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വാഗ്ദാനം. ഒരു വര്‍ഷംകൊണ്ട് വിവിധ ഐ.ടി. പാര്‍ക്കുകളിലായി ആകെ 17 ലക്ഷം ചതുരശ്ര അടി സൗകര്യമൊരുക്കിയിട്ടുണ്ട്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നാലുലക്ഷം ചതുരശ്ര അടി, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2.9 ലക്ഷം ചതുരശ്ര അടി എന്നിങ്ങനെ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ കോഡെവലപ്പേഴ്‌സ് പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























