എ.ടി.എം കവര്‍ച്ച; ആലപ്പുഴയില്‍ കവര്‍ച്ച നടത്തിയ അതേസംഘം കഴക്കൂട്ടത്തുമെത്തി

കഴക്കൂട്ടത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ മുറിച്ചുമാറ്റി പത്തുലക്ഷം കവര്‍ന്ന സംഭവത്തിന് പിന്നില്‍ കേരളത്തില്‍ നാല് എ.ടി.എമ്മുകളില്‍ കവര്‍ച്ചയും ശ്രമവും നടത്തിയ അതേ സംഘത്തിലുള്ളവരാണെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. മറ്റ് നാലിടത്തെയും വിരലടയാളവും കഴക്കൂട്ടത്തെ വിരലടയാളവും പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഒരാളുടേതാണെന്നാണ് തെളിഞ്ഞത്. അതോടെ പ്രൊഫഷണല്‍ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ തിരുവനന്തപുരം ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ നടന്ന പരിശോധനയിലാണ് വിരലടയാളങ്ങള്‍ സമാനമാണെന്ന് കണ്ടെത്തിയത്. ആലപ്പുഴയില്‍ മൂന്നിടത്തും തിരുവനന്തപുരത്ത് ഒരിടത്തുമാണ് ഈ സംഘം മോഷണം നടത്തിയിരിക്കുന്നത്.
ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, മാരാരിക്കുളം, ഹരിപ്പാട് രാമപുരം എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് കഴക്കൂട്ടത്തുമാണ് എ.ടി.എം കവര്‍ച്ച നടന്നിരിക്കുന്നത്. കഴക്കൂട്ടത്തു നിന്നും 10,18,500 രൂപയും ചെങ്ങന്നൂരില്‍ നിന്ന് 3,50,000 രൂപയും ആണ് മോഷണം പോയത്. കരിയിലക്കുളങ്ങരയിലും മാരാരിക്കുളത്തും എ.ടി.എം തുറന്നെങ്കിലും പണമില്ലായിരുന്നു.ചെങ്ങന്നൂരില്‍ എ. ടി. എം കവര്‍ച്ച നടന്ന അതേ ദിവസം വൈകിട്ടാണ് കരിയിലകുളങ്ങര പൊലീസ് അതിര്‍ത്തിയില്‍പ്പെട്ട ഹരിപ്പാട്ട് രാമപുരത്ത് കവര്‍ച്ചാ ശ്രമം നടന്നത്. എ. ടി. എം ക്യാബിനുള്ളില്‍ കടന്ന് മെഷ്യന്‍ തകര്‍ത്ത് പണമെടുക്കാനുള്ള ശ്രമം നടന്നെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്ന് എം. സി. റോഡിലൂടെ എത്തി ചെങ്ങന്നൂരില്‍ കവര്‍ച്ച നടത്തുകയായിരുന്നു.
നാലിടത്ത് നിന്നും സംഘത്തിലെ ഒരാളുടെ വിരലടയാളമാണ് സമാനമായി ലഭിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയാനായി വിരലടയാളം ഡല്‍ഹിയിലെ നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് ഇന്ന് അയച്ചു കൊടുക്കും. അതിന്റെ ഫലം കൂടി ആശ്രയിച്ചാകും തുടര്‍ അന്വേഷണം ഊര്‍ജിതമാക്കുക. കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം മോഷണം നടന്നിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഉത്തരേന്ത്യന്‍ സംഘമാണെന്ന സംശയം ബലപ്പെട്ടതായാണ് പൊലീസില്‍ നിന്നുള്ള സൂചനകള്‍ പറയുന്നത്. നാലോ അഞ്ചോ പേരടങ്ങിയ സംഘമാകാമെന്നും സംശയമുണ്ട്.
പ്രൊഫഷണല്‍ ടീമിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. മോഷണ സംഘം ഉപയോഗിച്ച ഇന്നോവ കാര്‍ തേടി മൂന്ന് സംഘം പൊലീസുകാര്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോയി. ഇന്നലെയാണ് പൊലീസ് സംഘം തിരിച്ചത്. കാറിലുണ്ടായിരുന്നവരുടെ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. സംഭവദിവസം ഉച്ചയോടെ പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അന്നു തന്നെ കാറില്‍ രക്ഷപ്പെട്ട സംഘത്തെ പിന്തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചെങ്കിലും കാര്‍ കണ്ടെത്താനായിട്ടില്ല.
വശങ്ങളില്‍ കറുത്ത ബീഡിംഗുള്ള വെള്ളനിറത്തിലുള്ള ഇന്നോവ കാറാണ് കവര്‍ച്ചയ്ക്കായി സംഘം ഉപയോഗിച്ചത്. കഴക്കൂട്ടത്തിനും കാര്യവട്ടത്തിനും ഇടയ്ക്കുള്ള സി.സി.ടി.വി കാമറകളില്‍ നിന്ന് സംഭവദിവസങ്ങളിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പരാണ് കാറില്‍ രേഖപ്പെടുത്തിയിരുന്നതെങ്കിലും ഇത് വ്യാജമാണെന്ന് വ്യക്തമായി.
സംഭവ ദിവസമായ 26ന് പുലര്‍ച്ചെ കാര്യവട്ടം കടന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വന്ന വാഹനങ്ങള്‍ നാലുകാമറകളിലായി ഒന്നൊന്നായി പരിശോധിച്ച പൊലീസ് ഡല്‍ഹി രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച വെള്ള ഇന്നോവ കാര്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും കഴക്കൂട്ടത്തെത്താതിരുന്നതും വ്യാജ നമ്പര്‍ പതിച്ചിരിക്കുന്നതും തിരിച്ചറിഞ്ഞു. കവര്‍ച്ച നടന്ന എ.ടി.എമ്മിന് സമീപം കാണപ്പെട്ടതും ഉച്ചയോടെ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നുപോയതുമാണ് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത് ഇതേ വാഹനമാണെന്ന പൊലീസിന്റെ നിഗമനത്തിന് കാരണം. സംസ്ഥാനത്തിന് പുറത്തേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ, കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കാര്യവട്ടം കഴക്കൂട്ടം ദേശീയപാതയ്ക്കരികെയുള്ള എസ്.ബി.ഐയുടെ അമ്പലത്തിന്‍കര കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറോടെ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് സംഭവം കണ്ടത്. ഇവരാണ് കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചത്.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണമായി മുറിച്ച് മാറ്റിയാണ് പണം കവര്‍ന്നത്. പുലര്‍ച്ചെ 2.20ന് പൊലീസ് പട്രോളിംഗ് സംഘം ബീറ്റ് ബുക്കില്‍ ഒപ്പിട്ട് മടങ്ങിയശേഷമാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.40നാണ് മെഷീന്‍ ഓഫായത്. ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കഴക്കൂട്ടം അസി. കമ്മിഷണര്‍ എ.പ്രമോദ്കുമാര്‍, സി.ഐ എസ്.അജയകുമാര്‍, എസ്.ഐ ദിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























