പുലര്‍ച്ചെ മാല പിടിച്ചുപറി നടത്തിവന്ന ദമ്പതികള്‍ വലയിലായി

പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ആരാധനാലയങ്ങളില്‍ പോകുന്നവരുമായ സ്ത്രീകളെ ബൈക്കിലെത്തി ക്രൂരമായി ആക്രമിച്ചശേഷം സ്വര്‍ണമാല കവരുന്ന കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റിതെഫ്റ്റ് സ്‌ക്വാഡാണ് പ്രതികളായ ദമ്പതികളെ അറസ്റ്റുചെയ്തത്. കൊല്ലം വടക്കേവിള, അയത്തില്‍ കരുത്തറ ക്ഷേത്രത്തിന് സമീപം കാവുങ്കല്‍ കിഴക്കതില്‍ വീട്ടില്‍ രതീഷ്(34), മോഷ്ടിച്ച മാലകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇയാളുടെ ഭാര്യ അശ്വതി(30) എന്നിവരാണ് അറസ്റ്റിലായത്.
ഇയാളുടെ അറസ്‌റ്റോടെ ജില്ലയിലെ ഓട്ടനവധി മാലമോഷണക്കേസുകള്‍ക്കാണ് തുമ്പുണ്ടായതായി പൊലിസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി പൊലിസിന് നിരന്തരം തലവേദന സൃഷ്ടിച്ച ഇയാള്‍ ഒറ്റയ്ക്ക് മോഷണം നടത്തുന്നതിനാലും മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ലാത്തതും ക്രിമിനല്‍ പശ്ചാത്തലമുള്ള ആരുമായും അടുപ്പമോ സുഹൃത്ത് ബന്ധമോ ഇല്ലാത്തതിനാലും മാന്യമായി കുടുംബജീവിതം നയിക്കുന്ന ആളായി നടിച്ചതിനാലും ഇയാളെക്കുറിച്ച് പൊലിസിനോ പരിസരവാസികള്‍ക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പ്രാവുകളെ വളര്‍ത്താനും ആഡംബര ജീവിതത്തിനുമായാണ് ഇയാള്‍ മോഷണത്തുക ചെലവഴിച്ചിരുന്നത്.
നഗരത്തില്‍ മോഷണം വ്യാപകമായിതിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും ഇവര്‍ നഗരത്തിലെ നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ചും ദിവസങ്ങളോളം നിരീക്ഷണം നടത്തിയുമാണ് പ്രതികളെ വലയിലാക്കിയത്.
ഇന്ത്യന്‍ പബ്ലിക് സ്‌കൂളിനു സമീപം മോനിഷ എന്ന സ്ത്രീയുടെ മാല, ഇരവിപുരം തമ്പുരാന്‍ മുക്കില്‍ രാജശ്രീ എന്ന സ്ത്രീയുടെ മാല എന്നിവ ഉള്‍പ്പെടെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം, കൊട്ടിയം എന്നിവിടങ്ങളില്‍ ഇരുപത്തിയഞ്ചോളം മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലാവുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും നിരവധി മുക്കുപണ്ടങ്ങളും പണവും സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ബൈക്കുകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഇയാള്‍ കൊല്ലം ജില്ലയിലെ വിവിധ സ്വര്‍ണ്ണാഭരണശാലകളില്‍ സ്വര്‍ണ്ണം വിറ്റിട്ടുണ്ട്. കൊല്ലം എ.സി.പി ജോര്‍ജ്ജ് കോശി, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീന്‍, ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, കൊല്ലം ഈസ്റ്റ് എസ്.ഐ ജയകൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വിപിന്‍കുമാര്‍, എഎസ്‌ഐ സുരേഷ്‌കുമാര്‍, എസ്‌സിപിഒ ബിനു, റാണി ബിഎസ്, ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, മനു, സീനു, റിബു, രാജന്‍, മണികണ്ഠന്‍, സിയാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha


























