ലോക പുകയില വിരുദ്ധ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം

മദ്യപിക്കുന്ന ഒരാള്‍ സ്വയം നശിക്കുകയാണ് പതിവ്. എന്നാല്‍ പുകവലിക്കാര്‍ ആ കുടുംബത്തേയും സമൂഹത്തേയും രോഗിയായി മാറ്റും. അയാളുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്ന വിഷപ്പുക ശ്വസിച്ച് കൂടെയുള്ളവരൊക്കെ രോഗിയാകും. അതിനാല്‍ ലോക പുകയില വിരുദ്ധ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം ഈ നശിച്ച വലി നിര്‍ത്താമെന്ന്.
പുകവലി നിര്‍ത്താന്‍ തീരുമാനിച്ച ആളിന്റെ മുന്നില്‍ ജീവിതം പോലും തോറ്റു പിന്‍മാറുമെന്നും ചരിത്രം സാക്ഷി. പക്ഷേ അത്ര എളുപ്പമല്ല പുകവലിയെന്ന ദുശീലത്തില്‍ നിന്നും പുറത്തു കടക്കുകയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
പുകവലി ഉപേക്ഷിക്കുക എന്നതു ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എനിക്കതു കൃത്യമായി അറിയാം, കാരണം ഞാന്‍ തന്നെ ആയിരിക്കണക്കിനു തവണ പുകവലി ഉപേക്ഷിച്ചിരിക്കുന്നു. മാര്‍ക്ക് ട്വയിന്റെ പ്രശതമായ വാചകങ്ങള്‍ പോലെയാണ് മിക്കവരുടെയും പുകവലി നിര്‍ത്താനുള്ള തീരുമാനം. ആദ്യമായി താന്‍ എന്തിന് പുകവലി ഉപേക്ഷിക്കുന്നു എന്ന് നിശ്ചയിക്കലാണ്.
നിങ്ങള്‍ ഇതിന് മുമ്പ് പുകവലി നിര്‍ത്താനുള്ള തീരുമാനത്തിലെത്തി പരാജയപ്പെട്ടത് ഇപ്പോള്‍ ഈ ശീലം തുടരുന്നതിനുള്ള കാരണമായി ചിന്തിക്കരുത്. പുകവലി നിര്‍ത്താന്‍ തനിക്ക് കഴിയില്ലെന്നും ചിന്ത വേണ്ട. കാരണം എത്രത്തോളം പരാജയപ്പെടുന്നുവോ അത്രത്തോളം വിജയത്തിലേക്ക് അടുത്തുവെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ കഴിഞ്ഞ തവണ നിങ്ങള്‍ പുകവലി നിര്‍ത്താന്‍ തയ്യാറായിട്ടുണ്ടാകില്ല.
പുകവലിക്കാന്‍ വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. ചില പ്രത്യേക സമയങ്ങളില്‍ പുകവലിക്കുന്നവരും ഏറെയുണ്ട്. പുകവലിക്കാന്‍ പ്രേരണ നല്‍കുന്ന സമയവും സന്ദര്‍ഭവും കണ്ടെത്തുകയെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. പിന്നീട് ഈ സമയമെത്തുമ്പോള്‍ പുകവലിക്കാനുള്ള പ്രേരണ ഇല്ലാതാക്കാനായി ഒരു ചായയോ കോഫിയോ അല്ലെങ്കില്‍ ചെറിയ മധുരമോ കൂട്ടുകാരുടെ കൂടെ നടക്കാന്‍ പോവുകയോ ഒക്കെ ചെയ്യാവുന്നതാണ്.
പലപ്പോഴും വെറുതേയിരിക്കുമ്പോഴാണ് പുകവലിക്കാനുള്ള പ്രേരണ ഏറെയുണ്ടാവുക. എന്നും ഒരു ജിംനേഷ്യം സന്ദര്‍ശിക്കുന്നതു ശീലമാക്കുക. സമ്മര്‍ദങ്ങള്‍ കുറയ്ക്കാനുള്ള നിരവധി വ്യായാമ മുറകള്‍ ശീലിപ്പിക്കാന്‍ ജിംനേഷ്യത്തില്‍നിന്നു സാധിക്കും. പക്ഷേ, കഠിനമായ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടണം. തുടര്‍ച്ചയായ പുകവലി മൂലം ശ്വാസകോശത്തിന്റെ ക്ഷമത പരശോധിക്കാനാണിത്.
പുകവലി എപ്പോള്‍ നിര്‍ത്തണമെന്നു സമയം നിശ്ചയിക്കല്‍ പ്രധാനമാണ്. ഇതു ഒരു പുസ്തകത്തിലോ മറ്റോ എഴുതി വയ്ക്കുക. വലിക്കാന്‍ താല്‍പര്യമോ ആഗ്രഹമോ ഉണ്ടാകുമ്പോള്‍ ഇതൊന്നു നോക്കുകയും ശപഥം തെറ്റിക്കില്ലെന്നു കരുതുകയും ചെയ്യുക. ആദ്യം ഒന്നു രണ്ടു തവണ ബുദ്ധിമുട്ടു തോന്നുമെങ്കിലും സാവധാനം പുകവലിക്കാനുള്ള പ്രചോദനം പൂര്‍ണമായി ഇല്ലാതാകും.
പുകവലി നിര്‍ത്താനുള്ള യുദ്ധത്തില്‍ ഏറ്റവും വല്യ സൈന്യം നമ്മുടെ മനസ് തന്നെയാണ്. കൂട്ടാളികളായി കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കൂട്ടാം. പുകവലി നിര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ഇവരോട് തുറന്ന് സംസാരിക്കുക. പുകവലിക്കെതിരായ യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിക്കാം. പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം തേടുന്നതും നല്ലതാണ്.
പുകവലിക്കാന്‍ പ്രേരണ നല്‍കുന്ന നിരവധി സാധനങ്ങള്‍ നിങ്ങളുടെ സമീപമുണ്ടാകാം. സിഗരറ്റ് പായ്ക്കറ്റ്, ലൈറ്റര്‍, തീപ്പെട്ടി, ആഷ്‌ട്രേ തുടങ്ങിയവ മുറിയില്‍നിന്നും കണ്ണെത്തുന്ന സ്ഥലങ്ങളില്‍നിന്നും മാറ്റിവയ്ക്കുക എന്നതാണ് പെട്ടെന്നു ചെയ്യാവുന്ന കാര്യം. ഈ വക വസ്തുക്കള്‍ പുകവലിക്കാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നവയാണ്. പുകയിലയുടെ മണവും നിങ്ങള്‍ക്ക് പുകവലിക്കാനുള്ള പ്രേരണ നല്‍കുമെന്നതിനാല്‍ വസ്ത്രങ്ങളും വീടും പരിസരവും എല്ലാം വൃത്തിയാക്കുക.
പുകവലി നിര്‍ത്താനുള്ള തീരുമാനം ഏറ്റവും കഠിനമായി തോന്നുന്നത് ആദ്യ രണ്ട് ആഴ്ച്ചകളിലായിരിക്കും. ഈ കാലയളവ് തരണം ചെയ്തു കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായിരിക്കും. പുകവലിക്കാന്‍ തോന്നുന്ന എല്ലാത്തില്‍ നിന്നും ഈ കാലയളവില്‍ ഒഴിഞ്ഞു നില്‍ക്കുക. കുടുംബത്തിനൊപ്പവും പുകവലിക്കാത്ത സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചിലവഴിക്കുക. അമിതമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായും ഒഴിഞ്ഞു നില്‍ക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
ശരീരത്തില്‍ അടിയുന്ന നിക്കോട്ടിന്‍ ശരീരത്തില്‍നിന്നു പുറംതള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് വെള്ളം. നല്ല പുകവലിക്കാരനാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ സാധാരണ നിലയില്‍ പുകവലി കുറയും. അതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കുക. ഒപ്പം ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യുക. ഈ രീതികള്‍ക്കെല്ലാം ഉപരിയായി ഞാന്‍ ഇനി പുകവലിക്കില്ലെന്ന തീരുമാനം തന്നെയാണ് ഏറ്റവും പ്രധാനം...
https://www.facebook.com/Malayalivartha


























