വാട്‌സ്ആപ്പിലെ ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങളുടെ പ്രചാരണം; സന്ദേശങ്ങള്‍ പുറത്ത്

സാമൂഹ്യ മാദ്ധ്യമമായ വാട്‌സ്ആപ്പിലെ ചില ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഐസിസിലെത്തിയ മലയാളിയായ അബ്ദുല്‍ റാഷിദാണ് ഈ ഗ്രൂപ്പുകള്‍ക്ക് പിന്നില്‍. ഇയാള്‍ അയച്ചെന്ന് കരുതുന്ന സന്ദേശങ്ങള്‍ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.
ഈ മാസം ആദ്യം ഇയാള്‍ കേരളത്തിലെ ഇരുന്നൂറോളം ആളുകളെ ചേര്‍ത്ത് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി. തുടര്‍ന്ന് ഐസിസില്‍ ചേരാന്‍ ഓഡിയോ സന്ദേശമടക്കം ഈ ഗ്രൂപ്പിലേക്ക് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ തങ്ങളുടെ സമ്മതപ്രകാരമല്ലാതെ ഗ്രൂപ്പില്‍ ചേര്‍ത്തതായി കാട്ടി ചിലര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം, ഗ്രൂപ്പില്‍ അംഗങ്ങളാക്കിയവര്‍ ഉടന്‍ തന്നെ ഈ ഗ്രൂപ്പുകളില്‍ നിന്നും പുറത്തു പോയതിനാല്‍ കൂടുതല്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, ഐസിസിനായി മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുന്പുന്തലയിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ റാഷിദ് (29) ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നേരത്തെ കണ്ടെത്തിയിരുന്നു. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാള്‍ പലരേയും ചേര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് ചിലര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അഫ്ഗാന്‍ നന്പറിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് റാഷിദാണ്. എന്നാല്‍ അബു ഈസ എന്നയാളാണ് ഇതിന്റെ അഡ്മിന്‍. പാലക്കാട് യാക്കര നിന്നും കാണാതായ ഈസയാണോ ഇതെന്ന് സംശയമുണ്ട്. ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശങ്ങളും ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കേരളത്തില്‍ ഐസിസിന്റെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത് റാഷിദാണ്. ബംഗളൂരുവില്‍നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ അബ്ദുല്‍ റാഷിദ് മുംബയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നു ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഈസയേയും ഭാര്യയും തിരുവനന്തപുരം മണക്കാട് സ്വദേശിയും കാസര്‍കോട്ടെ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരിചയപ്പെടുത്തിയത് റാഷിദാണ്. പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്ലാസിലെത്തിച്ചതും റാഷിദാണ്.
https://www.facebook.com/Malayalivartha


























