പോലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ സെന്‍കുമാര്‍ പുനസ്ഥാപിച്ചു

സേനക്കുള്ളിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണല്‍ വിജിലന്‍സ് സെല്‍ വീണ്ടും പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉത്തരവിറക്കി.എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനാണ് ചുമതല. 2009ല്‍ രൂപം കൊടുത്ത ഇന്റേണല്‍ വിജിലന്‍സ് സംവിധാനം ഏറെക്കാലമായി നിര്‍ജീവമായിരുന്നു. ടി.പി.സെന്‍കുമാര്‍ ഡി.ജി.പി.യായിരുന്ന 2015 ജൂണില്‍ ഇത് പുനഃസംഘടിപ്പിച്ചെങ്കിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായില്ല.
ഇന്റേണല്‍ വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലഭിച്ച വിവരാവകാശ നിയമത്തില്‍ പൊലീസിലെ ഇന്റേണല്‍ വിജിലന്‍സ് വിവരാവകാശത്തിന്റെ പുറത്താണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പൊലീസ് ആസ്ഥാനത്തെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലാണ് സെല്‍ കൈകാര്യം ചെയ്യുന്നത്.
വിജിലന്‍സ് സെല്ലിലെ അംഗങ്ങള്‍ പൊലീസ് സ്‌റ്റേഷനുകള്‍, സര്‍ക്കിള്‍ ഓഫിസുകള്‍, സബ് ഡിവിഷന്‍ ഓഫിസുകള്‍, മറ്റ് പൊലീസ് ഓഫിസുകള്‍ എന്നിവിടങ്ങളിലോ പൊതു സ്ഥലങ്ങളിലോ അഴിമതിയോ പണപ്പിരിവോ നടത്തിയാല്‍ പിടികൂടാനുള്ള അധികാരം സെല്ലിനുണ്ടായിരുന്നു. കര്‍ത്തവ്യ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നുണ്ടോയെന്നു കണ്ടെത്താനും മുന്നറിയിപ്പില്ലാതെ പരശോധന നടത്താനും സെല്ലിന് അധികാരവും നല്‍കിയിരുന്നു.
പരിശോധന സംബന്ധിച്ച വിവരങ്ങള്‍ അതതു സമയങ്ങളില്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവിക്കു നല്‍കും. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.ക്കോ അല്ലെങ്കില്‍ ഡി.ജി.പി.ക്കോ ഈ റിപ്പോര്‍ട്ട് നേരിട്ട് അയയ്ക്കണം. ഇവരുടെ നിര്‍ദേശാനുസരണമായിരുന്നു നടപടി സ്വീകരിക്കേണ്ടത്. എന്നാല്‍ സെല്‍ രൂപീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും നടത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha


























