ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ വിദ്യാർത്ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ്

മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷണ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. മനീഷ് കുമാര്‍ സിങ് എന്നയാള്‍ക്കും മറ്റ് ഏഴുപേര്‍ക്കും എതിരെയാണ് അക്രമം നടത്തിയതിന് ചെന്നൈ പോലീസ് കേസെടുത്തിട്ടുള്ളത്. മര്‍ദ്ദനത്തിന് ഇരയായ ഗവേഷണ വിദ്യാർത്ഥി സുരജിനെതിരെയും കേസെടുത്തിട്ടുണ്ട്. മനീഷ് കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. സൂരജ് തന്നെ അക്രമിക്കുകയും കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് മനീഷ് കുമാര്‍ നല്‍കിയ പരാതിയിലെ ആരോപണം. അതിനിടെ, ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് ഐ.ഐ.ടി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
മെയ് എട്ടിന് നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് എട്ട് വിദ്യാർത്ഥികള്‍ ചേര്‍ന്ന് ഗവേഷണ വിദ്യാർത്ഥി സൂരജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ സൂരജിന്റെ വലതുകണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു. അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























