കഞ്ചാവ് കടത്താന്‍ ലഹരിമാഫിയയ്ക്ക് തുണയായി ആനവണ്ടികളും

പോലീസും എക്‌സൈസ് വകുപ്പും പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സംസ്ഥാന അതിര്‍ത്തി കടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. നൂറോ ഇരുന്നൂറോ രൂപ ഡ്രൈവറുടെയോ കണ്ടക്ടറുടേയോ കയ്യില്‍ കൊടുത്താല്‍, അതിര്‍ത്തി കടന്ന് സുരക്ഷിതമായി കഞ്ചാവെത്തും. തങ്ങളുടെ കയില്‍ കിട്ടുന്ന പെട്ടിയില്‍ എന്താണെന്ന് പലപ്പോഴും ബസ് ജീവനക്കാര്‍ അറിയുകയുമില്ല.
കഞ്ചാവായാലും മറ്റേത് ലഹരി വസ്തുക്കളായാലും അതേ ദിവസം തന്നെ എവിടെയെങ്കിലും എത്തിക്കണമെങ്കില്‍ ഇപ്പോള്‍ ലഹരിമാഫിയ കണ്ടെത്തുന്ന വഴി കെ.എസ്.ആര്‍.ടി.സി ബസില്‍ ഡ്രൈവറുടേയോ കണ്ടക്ടറുടേയോ കയ്യില്‍ കൊടുക്കുകയാണ്. കൊറിയര്‍ അയച്ചാല്‍ പോലും അത് അടുത്ത ദിവസമേ എത്തൂ. വയനാട് ഉള്‍പ്പെടെയുള്ള ചില ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബസുകളില്‍ പരിശോധന നടത്തുമ്പോള്‍ സംശയം തോന്നുന്ന യാത്രക്കാരുടെ ബാഗുകളാണ് തുറന്ന് പരിശോധിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ബസുകളിലെ ജീവനക്കാരുടെ പക്കലുള്ള ബാഗുകളോ പാഴ്‌സലുകളോ പരിശോധിക്കാറില്ല. ഈ ആനുകൂല്യം മുതലാക്കിയാണ് വില്‍പ്പനക്കാര്‍ ജീവനക്കാരെ സമീപിക്കുന്നത്. നന്നായി പായ്ക്ക് ചെയ്ത് ഡ്രൈവറുടെ കൈയ്യില്‍ പൊതി ഏല്‍പ്പിച്ച ശേഷം കൈയ്യില്‍ നൂറിന്റെ രണ്ടു നോട്ടുകൂടി കൊടുത്താല്‍ സാധനം അതിര്‍ത്തി കടന്ന് പോകും. കൊണ്ടുപോകുന്ന പായ്ക്കറ്റികത്ത് എന്താണെന്ന് ഡ്രൈവര്‍ അറിയണമെന്നില്ല. നിലവില്‍ 350ലേറെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ട്രെയിനിലെ പരിശോധനകള്‍ ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ ഈ ബസുകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പലരും അറിയാതെ ഇവരുടെ കെണിയില്‍ വീണുപോവുകയാണെന്നും വിവരമുണ്ട്.
ഇന്നലെ ബാഗ്ലൂരില്‍ നിന്നും യാത്രക്കാരുമായി വന്ന സ്വകാര്യബസില്‍ നിന്നും പത്തരക്കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ബസുകളിലെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യക്ഷമമായ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























