അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തിയ കോലകൊമ്പനെ പിടികൂടി

അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസിനടന്ന കൊലകൊമ്പന്‍ കാട്ടാനയെ പിടികൂടി വനം വകുപ്പ് കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. അഞ്ചു വര്‍ഷമായി അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ശിരുവാണിപ്പുഴയോരത്തെ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിത്യശല്യക്കാരനായ കാട്ടുകൊമ്പനെയാണ് ഇന്നലെ വനം വകുപ്പ് മയക്കുവെടി വച്ചു പിടികൂടി ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.
ഏഴു പേരുടെ കൊലപാതകമാണ് ഈ ആനയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 20 നു തോട്ടാപുരയില്‍ പീലാണ്ടി എന്ന ആദിവാസി കര്‍ഷകനെ കൊലപ്പെടുത്തിയതോടെയാണ് ഈ കാട്ടാനയ്‌ക്കെതിരെ ജനരോഷം ശക്തമായത് . റോഡുപരോധം ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങള്‍ക്കൊടുവില്‍ വനം മന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ആനയെ പിടികൂടി കൊണ്ടുപോകാന്‍ തീരുമാനമെടുത്തത്. ഒരു മാസം മുന്‍പ് ഇതിനായി തമിഴ്‌നാട്ടില്‍ നിന്നും വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിച്ചിരുന്നു എങ്കിലും കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെ അസൗകര്യവും കാട്ടാനയുടെ ശാരീരിക പ്രശ്‌നങ്ങളും കണക്കിലെടുത്തു മാറ്റി വയ്ക്കുകയായിരുന്നു. എങ്കിലും കാട്ടുകൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ദ്രുത പ്രതികരണ സംഘത്തെ വനം വകുപ്പു നിയോഗിച്ചിരുന്നു.
കോടനാട് ആനക്കൊട്ടിലിന്റെ പണി പൂര്‍ത്തിയായതോടെയാണ് ആനയെ പിടികൂടാനുളള ശ്രമം പുനരാരംഭിച്ചത്. വയനാട് മുത്തങ്ങയില്‍ നിന്നു കേരള വനം വകുപ്പിന്റെ കുഞ്ചു, പ്രമുഖ, മുതുമലയില്‍ നിന്നു തമിഴ്‌നാട് വനം വകുപ്പിന്റെ വിജയ്, വസീം എന്നീ കുങ്കിയാനകള്‍ സ്ഥലത്തെത്തി. ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ പിടികൂടാനുള്ള ശ്രമം പുനരാരംഭിച്ചത്. അതോടൊപ്പം തന്നെ ആനയെ പിടികൂടാനുളള പ്രത്യേക സംഘവും അട്ടപ്പാടിയിലെത്തി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു ദൗത്യം തുടങ്ങിയത്. ഷോളയൂര്‍ പഞ്ചായത്തിലെ മേലെ സമ്പാര്‍ക്കോടിനടുത്ത് പുഴക്കരയിലുണ്ടായിരുന്ന ആനയെ മയക്കുവെടി വച്ചു. വെടിയേറ്റ ആന ഒരു കിലോമീറ്ററോളം ഓടിയാണ് മയങ്ങി നിന്നത്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണു ലോറിയില്‍ കയറ്റിയത്. ഒന്‍പതോടെ അഗളിയില്‍ നിന്നും കാട്ടാനയുമായി പുറപ്പെട്ട് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് കോടനാട് കാപ്പിരിക്കാട് അഭയാരണ്യത്തിലെത്തിയത്. കാടിറങ്ങിയ കൊമ്പന്റെ വാസം ഇനി ഇവിടെയാകും
https://www.facebook.com/Malayalivartha


























