സെന്‍കുമാറിനെതിരായ എഐജിയുടെ പരാതി സെക്രട്ടേറിയറ്റില്‍ മുക്കിയതായി ആക്ഷേപം; പൊതുഭരണ വകുപ്പു സി സെക്ഷനിലെ ഉന്നതനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന

ഡിജിപി: ടി.പി.സെന്‍കുമാറിനെതിരെ എഐജി: വി.ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതി സെക്രട്ടേറിയറ്റില്‍ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. ഒടുവില്‍ പരാതി കണ്ടെത്തിയതാകട്ടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സംഘടനാ നേതാവ്. പരാതി മുക്കിയതുമായി ബന്ധപ്പെട്ടു പൊതുഭരണ വകുപ്പു സി സെക്ഷനിലെ ഉന്നതനെതിരെ നടപടി ഉണ്ടാകുമെന്നാണു സൂചന.
തന്റെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ എഴുതിയ ചില പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മാര്‍ച്ച് പകുതിയോടെയാണു ഗോപാലകൃഷ്ണന്‍ സര്‍ക്കാരിനു പരാതി നല്‍കിയത്.
രണ്ടു മാസത്തിനു ശേഷവും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി.ജയരാജനെ സമീപിച്ചു. ജയരാജന്‍ തിരക്കിയെങ്കിലും പരാതി ലഭിച്ചില്ലെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നു മറുപടി ലഭിച്ചത്. തുടര്‍ന്ന് അതു കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ നേതാവിനെ ചുമതലപ്പെടുത്തി. അദ്ദേഹം ആഭ്യന്തര വകുപ്പില്‍ സെക്ഷന്‍ ഓഫിസര്‍ മുതല്‍ അഡീഷനല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരോടു തിരക്കി.
പൊതുഭരണ വകുപ്പിലെ സി സെക്ഷനിലുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടെ പരാതി കൈകാര്യം ചെയ്യുന്ന സെക്ഷന്‍ ഓഫിസറോടു തിരക്കി. തന്റെ കയ്യില്‍ കിട്ടിയില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ദിവസം മുഴുവന്‍ അവരുടെ കംപ്യൂട്ടര്‍ പരിശോധിച്ചു. ഒടുവില്‍ ഈ പരാതി കംപ്യൂട്ടറില്‍ മറ്റൊരിടത്തേയ്ക്കു മാറ്റിയിട്ടതായി കണ്ടെത്തി. 'ഇ ഓഫിസ് 'സംവിധാനം വഴിയാണ് ഇവിടെ ഫയല്‍ നീക്കം. അതിനാല്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വരെ പൊതുഭരണ വകുപ്പിലെ ആര്‍ക്കും ഈ ഫയലുകള്‍ പരിശോധിക്കാനോ കൈകാര്യം ചെയ്യാനോ കഴിയും.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഈ സെക്ഷനിലെ ഒരു അഡീഷനല്‍ സെക്രട്ടറിയുടെ കംപ്യൂട്ടറില്‍ നിന്നാണു പരാതി മറ്റൊരു സ്ഥലത്തേക്കു മാറ്റിയിട്ടതെന്നു കണ്ടെത്തിയത്. അതിനാല്‍ ദിവസവുമുള്ള ഫയല്‍ നീക്കം പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണില്‍ ഇതു പെടില്ല. ഇക്കാര്യം ഉടന്‍ തന്നെ സംഘടനാ നേതാവ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
അതിനുശേഷം മിന്നല്‍ വേഗത്തിലാണു സെക്ഷന്‍ ഓഫിസറുടെ കംപ്യൂട്ടറില്‍ നിന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ഫയല്‍ എത്തിയത്. വൈകാതെ സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗോപാലകൃഷ്ണന് അനുമതി നല്‍കിയുള്ള ഉത്തരവും പുറത്തിറങ്ങി. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ഇടത് ആഭിമുഖ്യമുള്ള ഉന്നത ഉദ്യോഗസ്ഥനെ പൊതുഭരണ വകുപ്പില്‍ നിയമിച്ചത്.
എന്തിനാണ് ഈ പരാതി ഇത്ര നാളും മാറ്റിവച്ചതെന്നു പരിശോധനാ സംഘത്തിനു പിടികിട്ടിയില്ല. ഏതായാലും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാണ് ആലോചന. അതിനു മുന്‍പായി വിശദീകരണം ചോദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























